ചാലക്കുടി: ഡിപ്പോയിൽ നിന്ന് അതിരപ്പിള്ളി-മലക്കപ്പാറ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ഓർഡിനറി ബസുകൾ വൻ അപകടഭീഷണിയിൽ. ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി വന്നതോടെ യാത്രക്കാരുടെ എണ്ണം കൂടിയപ്പോൾ അതിനനുസരിച്ച് സൗകര്യങ്ങൾ ഒരുക്കാത്തതാണു പ്രശ്നമാകുന്നത്. നിയമപ്രകാരം പരമാവധി 64 യാത്രക്കാരെ കയറ്റാൻ അനുമതിയുള്ള ബസുകളിൽ നിലവിൽ 100 മുതൽ 120 വരെ ആളുകളാണു യാത്ര ചെയ്യുന്നത്. എന്നാൽ യാത്രക്കാരുടെ എണ്ണം വർധിച്ചതനുസരിച്ച് ബസിന്റെ ട്രിപ്പുകൾ വർധിപ്പിക്കാത്തതിനാൽ യാത്രക്കാർ കിട്ടിയ ബസിൽ തിങ്ങിഞെരുങ്ങി യാത്ര ചെയ്യുകയാണ്.
അതിരപ്പിള്ളി മുതൽ മലക്കപ്പാറ വരെയുള്ള 70 കിലോമീറ്റർ പാത ഒരു വശത്തു വൻ കൊക്കകളുള്ള ഒറ്റവരിപ്പാതയാണ്. 9 ഹെയർപിൻ വളവുകളുള്ള ഈ റൂട്ടിൽ ബസ് തിരിക്കാൻ പലപ്പോഴും പിറകോട്ട് എടുക്കേണ്ടി വരും. അമിതഭാരം കാരണം ഈ സമയങ്ങളിൽ ബ്രേക്ക് കൃത്യമായി കിട്ടുന്നില്ലെന്നു ഡ്രൈവർമാർ പറയുന്നു. ചാലക്കുടിയിൽ നിന്നു മലക്കപ്പാറയിലേക്കു നിലവിൽ സർവീസ് നടത്തുന്ന 4 ബസുകളിൽ ഭൂരിഭാഗവും 15 വർഷത്തിലധികം പഴക്കമുള്ളവയാണ്. റൂട്ടിലെ യാത്രാക്ലേശം പരിഹരിക്കാൻ കൂടുതൽ ബസുകൾ അനുവദിക്കണമെന്നും മുൻപു നിർത്തിവച്ച രാവിലെ 11 മണിയുടെ ചാലക്കുടി-മലക്കപ്പാറ സർവീസ് പുനരാരംഭിക്കണമെന്നും ജീവനക്കാർ ആവശ്യപ്പെടുന്നു. ഇൻഡിപെൻഡൻസ് ട്രാൻസ്പോർട്ട് എംപ്ലോയീസ് ഫെഡറേഷൻ ഗതാഗത മന്ത്രി, ട്രാൻസ്പോർട്ട് സിഎംഡി, ചാലക്കുടി യൂണിറ്റ് അധികാരികൾ എന്നിവർക്കു കത്തു നൽകി.
