അമ്മ അഡ്‌ഹോക് കമ്മിറ്റി: രമേഷ് പിഷാരടി നേതൃത്വത്തിൽ, നാല് മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ്

  • Home-FINAL
  • Business & Strategy
  • അമ്മ അഡ്‌ഹോക് കമ്മിറ്റി: രമേഷ് പിഷാരടി നേതൃത്വത്തിൽ, നാല് മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ്

അമ്മ അഡ്‌ഹോക് കമ്മിറ്റി: രമേഷ് പിഷാരടി നേതൃത്വത്തിൽ, നാല് മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ്


കൊച്ചി: താരസംഘടനയായ ‘അമ്മ’യെ കോൺഗ്രസ് എംഎൽഎയും നടനുമായ രമേഷ് പിഷാരടിയുടെ നേതൃത്വത്തിലുള്ള അഡ്‌ഹോക് കമ്മിറ്റി നയിക്കും. മുൻ എംഎൽഎയും നടനുമായ ഗണേഷ് കുമാറും അഡ്‌ഹോക് കമ്മിറ്റിയിൽ അംഗമാണ്. സംഘടനയിലുണ്ടായ പ്രശ്‌നങ്ങളെ തുടർന്ന് ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ഒന്നടങ്കം രാജിവെച്ച സാഹചര്യത്തിലാണ് അഡ്‌ഹോക് കമ്മിറ്റി നിലവിൽ വന്നത്‌. നാല് മാസമാണ് രമേഷ് പിഷാരടിയുടെ നേതൃത്വത്തിലുള്ള അഡ്‌ഹോക് കമ്മിറ്റിയുടെ കാലാവധി. ഈ കാലയളവി നുള്ളിൽ തിരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണസമിതിയെ കണ്ടെത്തും. ഏകദേശം ഒരുവർഷം മുമ്പാണ് താരസംഘടനയുടെ തലപ്പത്തേക്ക് ചരിത്രം സൃഷ്ടിച്ചുകൊണ്ട് വനിതകൾ തിരഞ്ഞെടുക്കപ്പെട്ടത്.

പാവയായിരിക്കാൻ തയ്യാറല്ലെന്നും ചില കുറ്റാരോപിതർ സംഘടന പിടിച്ചെടുത്തു എന്നും പറഞ്ഞുകൊണ്ടാണ് ശ്വേതാ മേനോൻ ‘അമ്മ’ പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. ഒപ്പം സംഘടനയിലെ പ്രാഥമികാംഗത്വവും ശ്വേത രാജിവെച്ചിരുന്നു. കൂടുതൽ കാര്യങ്ങൾ പിന്നീട് പറയുമെന്നും ശ്വേതാ മേനോൻ കൂട്ടിച്ചേർത്തു. ജനറൽ ബോഡി യോഗത്തിലെ വാർഷിക റിപ്പോർട്ടിന്മേലുള്ള ചർച്ചയ്‌ക്കൊടുവിലാണ് ഭരണസമിതി ഒന്നടങ്കം രാജിവെച്ചത്. റിപ്പോർട്ടും കണക്കും അംഗീകരിക്കാൻ വാർഷിക ജനറൽബോഡി തയ്യാറായില്ല. ഇതിൽ രണ്ടിലുമുള്ള വീഴ്ചകൾ അംഗങ്ങൾ ചൂണ്ടിക്കാട്ടി. ജനറൽ ബോഡി യോഗത്തിനിടെ പ്രസിഡന്റ് ശ്വേതാ മേനോൻ രാജി പ്രഖ്യാപിച്ചിരുന്നു. എന്നാൽ മറ്റംഗങ്ങൾ അവരെ അനുനയിപ്പിച്ച് തിരികെ കൊണ്ടുവന്നു. ഇതിനുപിന്നാലെയാണ് ഭരണസമിതി ഒന്നടങ്കം രാജിവെയ്ക്കുകയാണെന്ന പ്രഖ്യാപനമുണ്ടായത്. 17 അംഗങ്ങളാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലുള്ളത്.

Leave A Comment