തിരുവനന്തപുരം: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ രൂക്ഷഭാഷയിൽ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഡാഷ് മോനേ രേവന്താ മറുപടി പിന്നാലെ വരുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രേവന്ത് റെഡ്ഡി പിണറായി വിജയനെ സംവാദത്തിന് വെല്ലുവിളിച്ചതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. രേവന്ത് റെഡ്ഡിക്ക് വിശദമായ മറുപടി പറയുന്നുണ്ടെന്നും തൽക്കാലം ഇത്രമാത്രമേ പറയുന്നുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. നേമത്ത് യുഡിഎഫ് നടത്തിയ റോഡ് ഷോയിൽ പോ മോനേ വിജയാ എന്നും പിണറായിയുടെ എക്സ്പയറി ഡേറ്റ് കഴിഞ്ഞുവെന്നും കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്നും രേവന്ത് റെഡ്ഡി പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി തെലങ്കാനയുടെ വികസനത്തിൽ നേരിട്ടുള്ള ചർച്ചയ്ക്ക് തയാറാണെന്ന് രേവന്ത് റെഡ്ഡി പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയെ ചർച്ചയ്ക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്ത് രേവന്ത് റെഡ്ഡി പുറത്തുവിട്ടിരുന്നു. കത്തിൽ കോൺഗ്രസ് ഭരണത്തിലെ തെലങ്കാനയിലെ വികസനവും കേരളത്തിലെ വികസനവും താരതമ്യം ചെയ്യാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. നീ പോ മോനെ വിജയൻ വിളി അദ്ദേഹം കത്തിലും ആവർത്തിച്ചിരുന്നു.

