ഷീറ്റ് കെട്ടിയ കൂരയിൽ കുരുന്നിന് മൂർഖന്റെ കടി; അനാസ്ഥ ആരോപിച്ചു കുടുംബം; നാട് വിറങ്ങലിച്ച നിമിഷങ്ങൾ

  • Home-FINAL
  • Kerala
  • ഷീറ്റ് കെട്ടിയ കൂരയിൽ കുരുന്നിന് മൂർഖന്റെ കടി; അനാസ്ഥ ആരോപിച്ചു കുടുംബം; നാട് വിറങ്ങലിച്ച നിമിഷങ്ങൾ

ഷീറ്റ് കെട്ടിയ കൂരയിൽ കുരുന്നിന് മൂർഖന്റെ കടി; അനാസ്ഥ ആരോപിച്ചു കുടുംബം; നാട് വിറങ്ങലിച്ച നിമിഷങ്ങൾ


തിരുവനന്തപുരം: സംസ്ഥാനത്ത് അതിദരിദ്രരില്ലെന്ന പ്രഖ്യാപനങ്ങൾക്കിടയിലും, അടിസ്ഥാന സൗകര്യങ്ങളില്ലാത്ത കൂരയിൽ ഉറങ്ങിക്കിടന്ന എട്ടു വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചത് കേരളത്തെ ഞെട്ടിക്കുന്നു. ചിറയിൻകീഴ് അഴൂർ സ്വദേശി ദിലീപ് – അനു ദമ്പതികളുടെ മകൻ ദിക്ഷൽ ആണ് മൂർഖൻ പാമ്പിന്റെ കടിയേറ്റ് ദാരുണമായി മരണപ്പെട്ടത്. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയാണ് കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെടുത്തിയതെന്ന് കുടുംബം ആരോപിക്കുന്നു. അഴൂർ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ ചതുപ്പിനോട് ചേർന്നുള്ള പുരയിടത്തിലാണ് ദിക്ഷലിന്റെ കുടുംബം താമസിച്ചിരുന്നത്. അലുമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയായ ദിലീപ്, മൂന്ന് വർഷം മുൻപ് നിർമ്മിച്ച ജിപ്‌സം-ആസ്ബസ്റ്റോസ് ഷീറ്റുകൾ കൊണ്ടുള്ള താൽക്കാലിക കൂരയിലായിരുന്നു താമസം.

ബുധനാഴ്ച രാത്രി കടുത്ത ചൂട് കാരണമാണ് ദിക്ഷൽ മുത്തശിക്കൊപ്പം നിലത്ത് പായ വിരിച്ചു കിടന്നത്. പുലർച്ചെ രണ്ട് മണിയോടെ കാലിൽ എന്തോ കടിച്ചെന്ന് പറഞ്ഞ് കുട്ടി നിലവിളിച്ചുണർന്നു. ഉടൻ തന്നെ ലൈറ്റിട്ട് നോക്കിയപ്പോൾ കാലിൽ മുറിവ് കണ്ടു. വീട്ടുകാർ ഉടൻ തന്നെ കുട്ടിയെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ നിന്നും വിദഗ്ധ ചികിത്സ ലഭിച്ചില്ലെന്നാണ് പരാതി. ആശുപത്രിയിൽ എത്തിച്ചപ്പോൾ ദിക്ഷൽ ബോധാവസ്ഥയിലായിരുന്നുവെന്നും എന്നാൽ ഡോക്ടർമാർ അത് ഗൗരവമായി എടുത്തില്ലെന്നും പിതാവ് ദിലീപ് കണ്ണീരോടെ പറയുന്നു.

“ശ്വാസം മുട്ടുന്നുവെന്നും കാഴ്ച മങ്ങുന്നുവെന്നും മോൻ വിളിച്ചു പറഞ്ഞു. പക്ഷേ, ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ കുഞ്ഞിനെ ഒന്ന് തൊട്ടുപോലും നോക്കിയില്ല. കടിച്ച പാമ്പിനെ കണ്ടോ എന്ന് മാത്രമാണ് അവർ ചോദിച്ചത്. പഴുതാര ആയിരിക്കുമെന്ന് പറഞ്ഞ് അവർ സമയം കളഞ്ഞു. കുട്ടി ഛർദ്ദിച്ചിട്ടും ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിയിട്ടും ആന്റിവെനം നൽകാൻ തയ്യാറായില്ല.” – ദിലീപ് പറയുന്നു. ഒടുവിൽ നില വഷളായപ്പോഴാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തത്. എന്നാൽ ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്കുള്ള യാത്രാമധ്യേ കുട്ടി മരണത്തിന് കീഴടങ്ങി. കുട്ടിയുടെ മരണവാർത്തയറിഞ്ഞ് നാട്ടുകാർ വീട്ടിൽ നടത്തിയ തിരച്ചിലിലാണ് ദിക്ഷൽ കിടന്നിരുന്ന മുറിയുടെ സിമന്റ് ഇഷ്ടികകൾക്കിടയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. സമീപത്തെ മരം വെട്ടിയപ്പോൾ പുറത്തിറങ്ങിയ പാമ്പ് വീടിന്റെ വിള്ളലുകൾക്കിടയിൽ അഭയം പ്രാപിച്ചതാകാമെന്നാണ് കരുതുന്നത്. നോബിൾ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന ദിക്ഷലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചു. മിടുക്കനായ തന്റെ മകന്റെ വിയോഗം താങ്ങാനാവാത്ത അവസ്ഥയിലാണ് ദിലീപും കുടുംബവും.

Leave A Comment