‘അമ്മേ എല്ലാം സെറ്റാണ്, പേ‌ടിയാണ്‌’; കരച്ചിലടക്കാനാകാതെ ഷൈലജ; ട്രെക്കിങ് തുടരുമെന്ന് ശരണ്യ, വീട്ടിലെത്തി

  • Home-FINAL
  • Kerala
  • ‘അമ്മേ എല്ലാം സെറ്റാണ്, പേ‌ടിയാണ്‌’; കരച്ചിലടക്കാനാകാതെ ഷൈലജ; ട്രെക്കിങ് തുടരുമെന്ന് ശരണ്യ, വീട്ടിലെത്തി

‘അമ്മേ എല്ലാം സെറ്റാണ്, പേ‌ടിയാണ്‌’; കരച്ചിലടക്കാനാകാതെ ഷൈലജ; ട്രെക്കിങ് തുടരുമെന്ന് ശരണ്യ, വീട്ടിലെത്തി


കോഴിക്കോട്: കൊടുംകാട്ടിൽ നാലു ദിവസം കുടുങ്ങിയ ശരണ്യ പുലർച്ചെ ഒരു മണിയോടെയാണ് നാദാപുരത്തെ വീട്ടിലെത്തി. ട്രെക്കിങ് തുടരുമെന്ന്‌ ശരണ്യയും മകളുടെ ഇഷ്ടം തടയില്ലെന്ന് ശരണ്യയുടെ മാതാപിതാക്കളും പറഞ്ഞു. കർണാടക കുടകിലെ വനത്തിൽ ട്രെക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തിയതു കൊച്ചിയിലെ ഐടി മേഖലയ്ക്കും ആശ്വാസമായി. ഇടപ്പള്ളിയിലെ ഐടി കമ്പനിയിലെ ജീവനക്കാരിയായ ശരണ്യയെ കാണാതായതു കൊച്ചിയിലെ ടെക്കികളുടെ വാട്സാപ് ഗ്രൂപ്പുകളിലുൾപ്പെടെ വലിയ ചർച്ചയായിരുന്നു. ഐടി സ്ഥാപനത്തിലെ സഹപ്രവർത്തകരിൽ ചിലർ ശരണ്യയെ കാണാതായ വനമേഖലയിലേക്കു പോയിരുന്നു.
‘അമ്മേ പ്രശ്നമൊന്നുമില്ല, ഇവിടെ എല്ലാം സെറ്റാണ്’ – ശരണ്യ ഫോണിൽ ഇത്രയും പറഞ്ഞതോടെ അമ്മ ഷൈലജയ്ക്ക് ഇന്നലെ കരച്ചിലടക്കാനായില്ല. കുടകിലെ മടിക്കേരിയിൽ ട്രെക്കിങ്ങിനു പോയി വ്യാഴാഴ്ച മുതൽ കാണാതായ ഇയ്യങ്കോട്ടെ വടക്കയിൽ ഗോപിയുടെയും ഷൈലജയുടെയും മകൾ ശരണ്യ( 36) ഇന്നലെ രാത്രിയാണ് അമ്മയോടും അച്ഛനോടും ഫോണിൽ സംസാരിച്ചത്. ഇന്നലെ വൈകിട്ടാണ് വനത്തിൽ മരച്ചുവട്ടിൽ വിശ്രമിക്കുന്ന നിലയിൽ ശരണ്യയെ തിരച്ചിൽ സംഘം കണ്ടെത്തിയത്. ഇന്നലെ രാത്രി ശരണ്യയുടെ വീട്ടിലെത്തിയ കർണാടക എംപി ശ്രേയസ്സ് എം.പട്ടേലാണ് കർണാടകയിലെ പൊലീസ് മേധാവിയെ ബന്ധപ്പെടുകയും ഫോൺ ശരണ്യക്ക് നൽകാൻ ആവശ്യപ്പെട്ടതും. എംപിയുടെ ഫോണിൽ മാതാപിതാക്കളുമായി ശരണ്യ ഏറെ നേരം സംസാരിച്ചു. നാദാപുരത്തെ യുഡിഎഫ് സ്ഥാനാർഥി കെ.എം.അഭിജിത്തിന് ഒപ്പമാണ് ശ്രേ‌യസ് എം.പട്ടേൽ‌ ശരണ്യയുടെ വീട്ടിലെത്തിയത്.

Leave A Comment