ന്യൂഡൽഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം പ്രകടനം നടത്തുന്നതിനിടെ സിജെപിയ്ക്കെതിരെ നടത്തിയ പരാമർശത്തിൽ ഖേദവുമായി പി. സരിൻ. സിജെപി ഗൂഢാലോചനയാണെന്നും ഇന്ത്യൻ ജനാധിപത്യത്തിനു മെല്ലെ വെളിവാകുമെന്നും ആയിരുന്നു സരിന്റെ പ്രസ്താവന. പാർലമെൻറിൽ പോയി ജന്തർ മന്തറിൽ സമരമിരിക്കാൻ അനുവാദം ചോദിക്കുകയാണ്. ആർക്കുവേണ്ടിയാണ് നാടകം കളിക്കുന്നത്. നാടകത്തിൽ നമുക്ക് വിശ്വാസമില്ലെന്നും സരിൻ പറഞ്ഞു. പ്രസ്താവന വിവാദമായതോടെ പാർട്ടിയുടെ പ്രത്യയശാസ്ത്രത്തോടും, അതിന്റെ രാഷ്ട്രീയപരിപാടികളോടും നീതിപുലർത്തുന്ന ഒരു പ്രസ്താവനയല്ല തന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതെന്ന് സരിൻ ഫെയ്സ്ബുക്കിൽ കുറിച്ചു. സിജെപി എന്നത് ലോകമാകെ ശ്രദ്ധിക്കുന്ന യുവജന പ്രസ്ഥാനമാണെന്നും അതിനെ പറ്റി തീർത്തും നിരുത്തരവാദപരമായ നിലയിൽ ഒരു രാഷ്ട്രീയപ്രസ്താവന നടത്തിയതിലെ അനൗചിത്യം ഈ വൈകിയ വേളയിൽ തിരിച്ചറിയുന്നുവെന്നും സരിൻ പറഞ്ഞു.
സരിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഇന്ന് ഡൽഹിയിലെ സമരമുഖത്ത് നിന്നുകൊണ്ട് ചാനലുകളോട് പ്രതികരിക്കുമ്പോൾ സിജെപിയെ കുറിച്ച് പറഞ്ഞ അഭിപ്രായം എന്റെ പാർട്ടിയുടേതല്ല എന്നും, അത് എന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വാക്ക് പിഴവാണെന്നും ആദ്യമേ ഏറ്റു പറയട്ടെ. എന്റെ പാർട്ടിയുടെ പ്രത്യയശാസ്ത്രത്തോടും, അതിന്റെ രാഷ്ട്രീയപരിപാടികളോടും നീതിപുലർത്തുന്ന ഒരു പ്രസ്താവനയല്ല എന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്.
സംഘപരിവാറിനെതിരെയുള്ള രാജ്യവ്യാപകമായ പ്രക്ഷോഭത്തിന്റെ ഭാഗമായി സിജെപിയും ഇന്ന് അവിടെ മാർച്ചിൽ പങ്കെടുക്കേണ്ടതായിരുന്നു എന്ന വ്യക്തിപരമായ അഭിപ്രായം പങ്കുവച്ചു പോകുക മാത്രമായിരുന്നു ഉദ്ദേശം. സിജെപി ആർഎസ്എസിന്റെ പദ്ധതിയാണ് എന്ന ആരോപണം ശരിയെന്ന് സ്ഥാപിക്കാൻ കഴിയുന്ന ഒരവസരം സിജെപി ആയിത്തന്നെ ഉണ്ടാക്കി കൊടുക്കരുത് എന്ന് പറയാൻ മാത്രമാണ് ഉദ്ദേശിച്ചത്. എന്നാൽ, ഞാൻ മനസിൽ ഉദ്ദേശിച്ചതല്ല എനിക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യാൻ കഴിഞ്ഞത്.അച്ചടക്കമുള്ള ഒരു പാർട്ടി അംഗം എന്ന നിലയിൽ ഇത് എന്റെ ഭാഗത്തുനിന്നുണ്ടായ പിഴവ് ആണെന് മനസിലാക്കുന്നു. അതിൽ നിർവ്യാജമായ ഖേദം പ്രകടിപ്പിക്കുന്നു. സിജെപി എന്നത് ലോകമാകെ ശ്രദ്ധിക്കുന്ന ഒരു യുവജന പ്രസ്ഥാനമാണ്. അതിനെ പറ്റി തീർത്തും നിരുത്തരവാദപരമായ നിലയിൽ ഒരു രാഷ്ട്രീയപ്രസ്താവന നടത്തിയതിലെ അനൗചിത്യം ഈ വൈകിയ വേളയിൽ തിരിച്ചറിയുന്നു.
