സൗദിയിൽ വാഹനാപകടം: മലയാളി ഉൾപ്പെടെ മൂന്ന് പ്രവാസി ഇന്ത്യക്കാർക്ക് ദാരുണാന്ത്യം

  • Home-FINAL
  • GCC
  • Saudi
  • സൗദിയിൽ വാഹനാപകടം: മലയാളി ഉൾപ്പെടെ മൂന്ന് പ്രവാസി ഇന്ത്യക്കാർക്ക് ദാരുണാന്ത്യം

സൗദിയിൽ വാഹനാപകടം: മലയാളി ഉൾപ്പെടെ മൂന്ന് പ്രവാസി ഇന്ത്യക്കാർക്ക് ദാരുണാന്ത്യം


ജിസാൻ: ജിസാനിൽ നിന്ന് 50 കിലോമീറ്റർ അകലെ ഫുറസാൻ ദ്വീപിൽ ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഇന്ത്യക്കാർ മരിച്ചു. ഗുരുതരമായി പരുക്കേറ്റ രണ്ട് പേർ ചികിത്സയിലാണ്.തമിഴ്നാട് കന്യാകുമാരി സ്വദേശികളായ ജോർജ് പനിയടിമൈ (43), അന്തോണി ദശം (49), കടലുണ്ടി സ്വദേശി രമേശൻ എരുശപ്പൻ (40) എന്നിവരാണ് മരിച്ചത്. മരിച്ച ജോർജും അന്തോണിയും സഹോദരങ്ങളാണ്. അപകടത്തിൽ പരുക്കേറ്റ കടലൂർ സ്വദേശി സത്യപ്രവീൺ ശക്തിവേലിനെ അബൂഅരീഷ് കിങ് ഫഹദ് ആശുപത്രിയിലും, നാഗപട്ടണം സ്വദേശി മണി വെള്ളിദിശനെ ഫുറസാൻ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടം നടന്നത്. ഫുറസാൻ ദ്വീപിലെ മത്സ്യത്തൊഴിലാളികളായ ഇവർ സഞ്ചരിച്ചിരുന്ന പിക്അപ്പ് വാഹനത്തിന്റെ ടയർ പഞ്ചറായതിനെത്തുടർന്ന് നിയന്ത്രണംവിട്ട് റോഡിന്റെ ഒരു വശത്തേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. അൽസഗീർ ദ്വീപിൽ നിന്ന് മത്സ്യബന്ധനം കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്.

ആറ് മാസം മുൻപാണ് ജോർജും അന്തോണിയും പുതിയ വീസയിൽ നാട്ടിൽ നിന്ന് വന്നതെന്നും രമേശൻ രണ്ട് മാസം മുൻപാണ് സൗദിയിൽ എത്തിയതെന്നും കണ്ണൂർ സ്വദേശിയും ഫുറസാൻ റിസോർട്ട് മാനേജറുമായ പവിത്രൻ കോടിയേരി പറഞ്ഞു. മരിച്ചവരുടെ മൃതദേഹങ്ങൾ ഫുറസാൻ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Leave A Comment