സ്കൂൾ കെട്ടിടത്തിന് മുകളിൽ വീണ ചെരുപ്പെടുക്കാൻ ശ്രമിക്കുമ്പോൾ വിദ്യാർഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു. തേവലക്കര ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ (13) ആണ് മരിച്ചത്. കളിക്കുന്നതിനിടയിലാണ് മിഥുന്റെ ചെരിപ്പ് സൈക്കിൾ ഷെഡിന് മുകളിൽ വീണത്. ചെരുപ്പ് എടുക്കാൻ സമീപത്തെ കെട്ടിടത്തിലേക്ക് വലിഞ്ഞു കയറി മുകളിലൂടെ നടന്നു പോകുന്നതിനിടയിലായിരുന്നു അപകടം. കാൽ വഴുതുകയും അതുവഴി കടന്നുപോയ വൈദ്യുത ലൈനിലേക്ക് വീഴുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിന് പിന്നാലെ പ്രതിഷേധവുമായി പ്രദേശവാസികൾ ഉൾപ്പെടെ രംഗത്തെത്തി. കുട്ടികളുടെ സുരക്ഷ മുൻനിർത്തി വേണം സ്കൂളിന് സമീപത്തുകൂടി പോകുന്ന വൈദ്യുതി ലൈൻ ക്രമീകരിക്കാൻ. കൃത്യമായ അന്വേഷണം ഉണ്ടാകണം എന്നാണ് ആവശ്യം. സ്കൂളിന്റെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയാണ് ഒരു കുട്ടിയുടെ ജീവനെടുക്കാൻ കാരണമായതെന്നും ആരോപണമുയരുന്നു

