പാവയായിരിക്കാൻ ഞാൻ തയ്യാറല്ല, ചില കുറ്റാരോപിതർ സംഘടന പിടിച്ചെടുത്തു, രാജിവെച്ചു -ശ്വേതാ മേനോൻ

  • Home-FINAL
  • Business & Strategy
  • പാവയായിരിക്കാൻ ഞാൻ തയ്യാറല്ല, ചില കുറ്റാരോപിതർ സംഘടന പിടിച്ചെടുത്തു, രാജിവെച്ചു -ശ്വേതാ മേനോൻ

പാവയായിരിക്കാൻ ഞാൻ തയ്യാറല്ല, ചില കുറ്റാരോപിതർ സംഘടന പിടിച്ചെടുത്തു, രാജിവെച്ചു -ശ്വേതാ മേനോൻ


കൊച്ചി: അമ്മ സംഘടനയിൽനിന്ന് രാജിവെച്ചെന്നും കുറ്റാരോപിതരായ ആളുകളുടെ കയ്യിലേക്ക് സംഘടന വീണ്ടും പോകാനുള്ള ശ്രമമാണ് നടന്നിരിക്കുന്നതെന്നും ശ്വേതാമേനോൻ. എല്ലാം അജണ്ടയായിരുന്നു. പാവകളായി ഇരുന്നില്ലെങ്കിൽ ആ സ്ഥാപനം ഓടിക്കാൻ പറ്റില്ല. അങ്ങനെയൊരു പാവയാകാൻ താൻ തയ്യാറല്ല. കൂടുതൽ കാര്യങ്ങൾ പിന്നീട് പറയുമെന്നും ശ്വേതാ മേനോൻ കൂട്ടിച്ചേർത്തു. “ഞാനും എന്റെ കമ്മിറ്റിയും രാജിവെച്ചിട്ടുണ്ട്. അമ്മയിൽനിന്ന് രാജി വെച്ചു. അമ്മയുടെ എല്ലാ ഉത്തരവാദിത്തങ്ങളിൽനിന്നും ഒഴിഞ്ഞിരിക്കുകയാണ്. അമ്മ സംഘടനയെക്കുറിച്ച് മുൻപ് ചില വനിതകൾ പറഞ്ഞതുപോലെ ഒരു കാര്യം ഇന്നെനിക്കും തോന്നി. കുറ്റാരോപിതരായ ആളുകളുടെ കയ്യിലേക്ക് സംഘടന വീണ്ടും പോകാനുള്ള ശ്രമമാണ് നടന്നിരിക്കുന്നത്. അതൊരു അജണ്ടയായിരുന്നു. രജിസ്ട്രേഷനെത്തിയവരെ നിർബന്ധപൂർവം കൊണ്ടുപോയി അവിശ്വാസത്തിൽ ഒപ്പിടുവിച്ചു. നമ്മളോട് ഒരക്ഷരം പറയാതെ ഒരു അജണ്ട വെച്ച് നമ്മളെ പുറത്താക്കാൻ നോക്കി.

എനിക്കൊരു വ്യക്തിത്വമുണ്ട്. പറയാനുള്ള കാര്യം തുറന്നുപറയും. നമ്മുടെ സമിതിയിലെ ട്രഷറർ രഹസ്യമായി കടന്നുകളഞ്ഞയാളായിരുന്നു. അദ്ദേഹം എങ്ങോട്ടേക്കോ ഓടി രക്ഷപ്പെട്ടു. മേയ് ഒന്നാം തീയതി അമ്മയുടെ ഒരു ജീവനക്കാരിയെ പുറത്താക്കിയതിനുശേഷം പോലീസിലും ലേബറിലും പരാതി നൽകിയപ്പോൾ കമ്മിറ്റിയെപ്പോലും അറിയിക്കാതെ അദ്ദേഹം ഓടിപ്പോയി. അങ്ങനെതന്നെയേ ഞാൻ പറയൂ. ഈ ഭരണസമിതി വന്നശേഷം കഴിഞ്ഞ സെപ്റ്റംബർ ഒന്നാം തീയതി മുതലുള്ള എല്ലാ കണക്കുകളും കൃത്യമാണ്. അതിനുമുൻപേ ബാബുരാജ് നേതൃത്വം വഹിച്ച കമ്മിറ്റിയുടെ കണക്കുകളിൽ ഒരുപാട് കുഴപ്പങ്ങളുണ്ട്. അമ്മ സംഘടനയുടെ ഒരു കാര്യവും പുറത്തുപറയാത്തത് ചെറിയ ഒരു സംഘടനയല്ലേ എന്നുവിചാരിച്ചിട്ടാണ്. അമ്മയുടെ അംഗമല്ല എന്നതാണ് ഇന്നെനിക്ക് ഏറെ ആശ്വാസം തരുന്ന കാര്യം. ഈ രാജിക്ക് കാരണം കുറ്റാരോപിതരായ കുറച്ചുപേരാണ്. അവരുടെ പേര് പറയില്ല. അതിനെക്കുറിച്ച് പിന്നീട് തുറന്നുസംസാരിക്കും. പാവകളായി ഇരുന്നില്ലെങ്കിൽ ആ സ്ഥാപനം ഓടിക്കാൻ പറ്റില്ല. അങ്ങനെയൊരു പാവയാകാൻ ഞാൻ തയ്യാറല്ല.” ശ്വേതാ മേനോന്റെ വാക്കുകൾ.

താരസംഘടനയായ അമ്മയുടെ ഭരണസമിതി ഒന്നടങ്കം രാജിവെച്ചിരിക്കുകയാണ്. മുഴുവൻ നേതൃത്വത്തിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഭരണസമിതി ഒന്നടങ്കം രാജിവെച്ചൊഴിഞ്ഞത്. കൊച്ചിയിൽ ഞായറാഴ്ച ചേർന്ന ജനറൽബോഡി യോഗത്തിനുശേഷമാണ് തീരുമാനമുണ്ടായത്.
വാർഷിക റിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്കൊടുവിലാണ് സുപ്രധാന തീരുമാനമുണ്ടായത്. റിപ്പോർട്ടും കണക്കും അംഗീകരിക്കാൻ വാർഷിക ജനറൽബോഡി തയ്യാറായില്ല. ഇതിൽ രണ്ടിലുമുള്ള വീഴ്ചകൾ അംഗങ്ങൾ ചൂണ്ടിക്കാട്ടി. ജനറൽ ബോഡി യോഗത്തിനിടെ പ്രസിഡന്റ് ശ്വേതാ മേനോൻ രാജി പ്രഖ്യാപിച്ചിരുന്നു. എന്നാൽ മറ്റംഗങ്ങൾ അവരെ അനുനയിപ്പിച്ച് തിരികെ കൊണ്ടുവന്നു. ഇതിനുപിന്നാലെയാണ് ഭരണസമിതി ഒന്നടങ്കം രാജിവെയ്ക്കുകയാണെന്ന പ്രഖ്യാപനമുണ്ടായത്. 17 അംഗങ്ങളാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലുള്ളത്.

Leave A Comment