സംസ്ഥാനത്ത് അപൂര്‍വ രോഗം ബാധിച്ചവരുടെ ഡേറ്റ രജിസ്ട്രി ഈ വര്‍ഷം യാഥാര്‍ത്ഥ്യമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജന്മനായുള്ള വൈകല്യങ്ങള്‍ കണ്ടെത്തി കുഞ്ഞുങ്ങള്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കി അവരെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനുള്ള പരിശ്രമമാണ് സര്‍ക്കാര്‍ നടത്തി വരുന്നത്. അപൂര്‍വ രോഗങ്ങള്‍ പ്രതിരോധിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കോഴിക്കോട് ഈ വര്‍ഷം അപൂര്‍വ രോഗ ചികിത്സാ ക്ലിനിക് ആരംഭിക്കും.നിലവില്‍ എസ്എംഎ ബാധിതരായ കുഞ്ഞുങ്ങള്‍ക്ക് ചികിത്സ നല്കി വരുന്നതില്‍ 90 ശതമാനത്തില്‍ കൂടുതല്‍ സര്‍വൈവല്‍ റേറ്റുള്ളതായും മന്ത്രി വ്യക്തമാക്കി. അപൂര്‍വ രോഗ പരിചരണ മേഖലയില്‍ പുത്തന്‍ ചുവടുവയ്പ്പാണ് കേരളം നടത്തുന്നത്. 2024 ഫെബ്രുവരി മാസമാണ് അപൂര്‍വ രോഗങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ കെയര്‍ പദ്ധതി ആരംഭിച്ചത്.
2024ലാണ് എസ്.എ.ടി. ആശുപത്രിയില്‍ അപൂര്‍വ രോഗങ്ങള്‍ക്കുള്ള എന്‍സൈം റീപ്ലൈസ്മെന്റ് തെറാപ്പി ആരംഭിച്ചതോടെ 106 രോഗികള്‍ക്ക് ഇപ്പോള്‍ വിലയേറിയ ചികിത്സ നല്കി വരുന്നു. ശലഭം പദ്ധതിയിലൂടെ കുഞ്ഞുങ്ങളുടെ വൈകല്യങ്ങള്‍ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നു. ജന്മനായുള്ള ഹൃദ്രോഗങ്ങള്‍ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്ന ഹൃദ്യം പദ്ധതിയിലൂടെ 7916 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി. ഏറ്റവും കുറവ് ശിശുമരണ നിരക്കുള്ള സംസ്ഥാനമാണ് കേരളമാണെന്നും മന്ത്രി പറഞ്ഞു.

