മാനവകാരുണ്യ മേഖലയിലും,സാമൂഹിക സേവന രംഗത്തും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും സംഘടനകളെയും ആദരിക്കുകയും അവരുടെ നിസ്വാർത്ഥ സേവനങ്ങൾ സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുകയും ചെയ്യുന്നതിനായി 2012 മുതൽ സിംസ് വർക്ക് ഓഫ് മേഴ്സി അവാർഡ് നൽകി വരുന്നു.ബഹ്റൈനിലെ സീറോ-മലബാർ സൊസൈറ്റി (സിംസ് ) ഏർപ്പെടുത്തിയിട്ടുള്ള സിംസ് വർക്ക് ഓഫ് മേഴ്സി അവാർഡ് ഈ വർഷം, ബഹ്റൈനിലെ നഴ്സിംഗ് സമൂഹത്തിന് സമർപ്പിക്കുന്നതായി സിംസ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.രോഗികൾക്ക് ചികിത്സ മാത്രമല്ല, ആശ്വാസവും, കരുതലും, ആത്മവിശ്വാസവും, മാന്യതയും, പ്രതീക്ഷയും നൽകുന്നവരാണ് നഴ്സുമാർ. രോഗത്തിന്റെയും, വേദനയുടെയും, ഭയത്തിൻറ്റെയും ഏറ്റവും പ്രയാസകരമായ നിമിഷങ്ങളിൽ രോഗികളോടൊപ്പം നിൽക്കുന്ന നഴ്സുമാരുടെ സേവനം കരുണയുടെയും മനുഷ്യസ്നേഹത്തിന്റെയും ഉജ്ജ്വല മാതൃകയാണ്. പ്രത്യേകിച്ച് കോവിഡ്-19 പോലെയുള്ള മഹാമാരിയുടെ കാലഘട്ടത്തിൽ ലോകമെമ്പാടുമുള്ള നഴ്സിംഗ് സമൂഹം നടത്തിയ പരിചരണവും പ്രതിരോധ പ്രവർത്തനങ്ങളും വിലമതിക്കാനാവാത്തതാണ്. ബഹ്റൈനിലെ നഴ്സിംഗ് സമൂഹവും രോഗീപരിചരണത്തിലൂടെ നിർവഹിച്ചുവരുന്ന കരുണയുടെയും സേവനത്തിന്റെയും പ്രവർത്തനങ്ങളാണ് ഈ വർഷത്തെ സിംസ് വർക്ക് ഓഫ് മേഴ്സി അവാർഡ് വഴി ആദരിക്കപ്പെടുന്നത്.ബഹ്റൈൻ കാത്തലിക് നേഴ്സസ് മിനിസ്ട്രിക്കാണ് ഈ വർഷത്തെ പുരസ്കാരം സമർപ്പിക്കുന്നത്.അതോടൊപ്പം, ബഹ്റൈനിലെ വിവിധ ആശുപത്രികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 100 നഴ്സുമാരെ അവരുടെ സമർപ്പിത സേവനത്തെ മാനിച്ചുകൊണ്ട് സിംസ് വർക്ക് ഓഫ് മേഴ്സി അവാർഡ് നൽകി പ്രത്യേകം ആദരിക്കുന്നു.2026 ഒക്ടോബർ 17 ശനിയാഴ്ച വൈകുന്നേരം 7:30ന്, ബഹ്റൈൻ അദാരി പാർക്കിലുള്ള ന്യൂ സീസൺ ഹാളിൽ നടക്കുന്ന പുരസ്കാരദാന ചടങ്ങിൽ നോർത്തേൺ അറേബ്യയുടെ അപ്പോസ്തോലിക് വികാർ ബിഷപ്പ് ആൽദോ ബറാർഡി, ഡോ . ഹസ്സൻ ഈദ് ബുഖമ്മസ് എം .പി എന്നിവർ മുഖ്യ അഥിതിയായിരിക്കും. BKG ഹോൾഡിങ് ചെയർമാനും പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവുമായ കെ .ജി .ബാബുരാജൻ വിശിഷ്ടാതിഥിയായിരിക്കും.

സിംസ് പ്രസിഡൻറ്റ് പി.റ്റി. ജോസഫ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി നെൽസൺ വർഗ്ഗീസ് സ്വാഗതപ്രസംഗം നടത്തും. സിംസ് വർക്ക് ഓഫ് മേഴ്സി അവാർഡ് ജനറൽ കൺവീനർ ബെന്നി വർഗ്ഗീസ്, ലേഡീസ് വിങ് പ്രസിഡൻറ്റ് സ്റ്റെഫി മരിയ അരുൺ, കൂടാതെ ബഹ്റൈനിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ ആശംസകൾ നേർന്ന് സംസാരിക്കും.ബഹ്റൈൻ കാത്തലിക് നേഴ്സസ് മിനിസ്ട്രി നാഷണൽ കോർഡിനേറ്റർസ് വിനി ജിമ്മി , ജിംഷി ജോസ് എന്നിവർ ചേർന്ന് മുഖ്യാതിഥികളിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങും.
സിംസ് ഭരണസമിതി അംഗങ്ങളായ ജേക്കബ് വാഴപ്പിള്ളി , ജിമ്മി ജോസഫ് , ജോബി ജോസഫ് , ഷാജി സെബാസ്റ്റ്യൻ , ജെയ്സൺ മഞ്ഞളി, സിബു ജോർജ് , സോബിൻ ജോസ് ,സിംസ് ലേഡീസ് വിങ് വൈസ് പ്രസിഡൻറ്റ് ജിൻസി ലിയോൺസ് , സെക്രട്ടറി മേരി രഞ്ജിത്ത് , മറ്റ് ലേഡീസ് വിങ് കമ്മിറ്റി അംഗങ്ങൾ, സിംസ് മുൻ പ്രസിഡന്റ്റുമാർ എന്നിവരും അവാർഡ് സെറിമണിക്ക് നേതൃത്വം നൽകും.
മനുഷ്യസ്നേഹത്തിന്റെയും നിസ്വാർത്ഥ സേവനത്തിന്റെയും മികച്ച മാതൃകകളായ വ്യക്തികളെയും സംഘടനകളെയും ആദരിക്കുന്നതിനായി 2012-ലാണ് സിംസ് വർക്ക് ഓഫ് മേഴ്സി അവാർഡ് ആരംഭിച്ചത്.
2012-ലെ പ്രഥമ സിംസ് വർക്ക് ഓഫ് മേഴ്സി അവാർഡ് , കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാനും അവയവദാന ബോധവൽക്കരണ രംഗത്തെ പ്രമുഖ വ്യക്തിത്വവുമായ റവ. ഫാ. ഡേവിസ് ചിറമേൽ ഏറ്റുവാങ്ങി.
തുടർന്ന്:
• 2015: ബഹ്റൈൻ ഡിസേബിള്ഡ് സൊസൈറ്റിയുടെ ചെയർമാനും രാജകുടുംബാംഗവുമായ ഷെയ്ഖ് ദുഐജ് അൽ ഖലീഫ ബിൻ അൽ ഖലീഫ.
• 2016: കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുന്ന നവജീവൻ ട്രസ്റ്റിന്റെ സാരഥി ശ്രീ. പി. യു. തോമസ്.
• 2017: ഭവനരഹിതർക്കായി ബൈത്തുൽ റഹ്മ പദ്ധതി നടപ്പിലാക്കിയ കെ.എം. സി. സി ബഹ്റൈൻ.
• 2018: ഭവനരഹിതർക്കും പിന്നാക്കവിഭാഗങ്ങൾക്കും വീടുകളും അടിസ്ഥാന സഹായങ്ങളും നൽകുന്നതിൽ ശ്രദ്ധേയമായ പ്രവർത്തനം നടത്തിയ അധ്യാപികയും മനുഷ്യസ്നേഹിയുമായ ഡോ. എം. എസ്. സുനിൽ.
• 2019: ആദിവാസി സമൂഹങ്ങളുടെയും പിന്നാക്കവിഭാഗങ്ങളുടെയും വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, സ്ത്രീശാക്തീകരണം, സാമൂഹിക നീതി എന്നിവയ്ക്കായി ജീവിതം സമർപ്പിച്ച സാമൂഹിക പ്രവർത്തക ദയാബായി.
• 2024: മഹർ ഫൌണ്ടേഷൻ എന്ന സന്നദ്ധ സംഘടനയുടെ സ്ഥാപകയും അശരണരായ സ്ത്രീകൾക്കും കുട്ടികൾക്കും വയോജനങ്ങൾക്കും അഭയവും വിദ്യാഭ്യാസവും പുനരധിവാസവും നൽകുന്ന മഹത്തായ സേവനത്തിന് നേതൃത്വം നൽകുന്ന പ്രശസ്ത സാമൂഹിക പ്രവർത്തക സിസ്റ്റർ: ലൂസി കുര്യൻ.
എന്നിവരാണ് മുൻ വർഷങ്ങളിൽ സിംസ് വർക്ക് ഓഫ് മേഴ്സി അവാർഡ് ഏറ്റുവാങ്ങിയ പ്രമുഖർ.
2026-ലെ പുരസ്കാരം ബഹ്റൈനിലെ നഴ്സിംഗ് സമൂഹത്തിന് സമർപ്പിക്കുന്നതിലൂടെ, രോഗീപരിചരണത്തിന് അതീതമായി സമൂഹത്തിനും മനുഷ്യരാശിക്കും വേണ്ടി നഴ്സുമാർ നിർവഹിക്കുന്ന കരുണയുടെയും ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സേവനത്തിന്റെയും മഹത്വം ആദരിക്കുകയാണ് സിംസ്.
ഫ്ലോറെൻസ് നൈറ്റിംഗേലിന്റെ സേവന പാരമ്പര്യത്തെ ഉയർത്തിപ്പിടിക്കുന്ന ഈ വർഷത്തെ പുരസ്കാരം, നഴ്സിംഗ് സമൂഹത്തിൻറ്റെ നിസ്വാർത്ഥ സേവനത്തെ സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനും അവരുടെ സംഭാവനകളെ ആദരിക്കുന്നതിനുമുള്ള ഒരു അവസരമായി മാറുമെന്ന് സിംസ് ഭാരവാഹികൾ അറിയിച്ചു.

വാർത്താസമ്മേളനത്തിൽ സിംസ് പ്രസിഡൻറ്റ് പി.റ്റി. ജോസഫ്, ജനറൽ സെക്രട്ടറി നെൽസൺ വർഗ്ഗീസ്, വൈസ് പ്രസിഡന്റ് ജിമ്മി ജോസഫ് , സിംസ് വർക്ക് ഓഫ് മേഴ്സി അവാർഡ് ജനറൽ കൺവീനർ ബെന്നി വർഗ്ഗീസ് , സിംസ് ഭരണസമിതി അംഗങ്ങളായ ശ്രീ. ജേക്കബ് വാഴപ്പിള്ളി , ജോബി ജോസഫ് , ശ്രീ.ഷാജി സെബാസ്റ്റ്യൻ , ശ്രീ.ജെയ്സൺ മഞ്ഞളി, ശ്രീ. സിബു ജോർജ് , ശ്രീ.സോബിൻ ജോസ് , സിംസ് മുൻ പ്രസിഡന്റ്റുമാരായ ഫ്രാൻസിസ് കൈതാ രത്ത്, പോൾ ഉറുവത്ത് എന്നിവർ പങ്കെടുത്തു.
