തിരുവനന്തപുരം: ലഹരി മാഫിയയെ നിയന്ത്രിക്കാൻ ഓപ്പറേഷൻ തൂഫാൻ ദ നർക്കോ ഹണ്ട് പദ്ധതിക്ക് രൂപം നൽകിയതായി മന്ത്രി രമേശ് ചെന്നിത്തല. ജൂൺ ഒന്ന് മുതൽ കർമപദ്ധതി ആരംഭിക്കുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയ്ക്കുശേഷം മന്ത്രി പറഞ്ഞു. കെമിക്കൽ ലഹരി, ഹൈബ്രിഡ് കഞ്ചാവ് എന്നിവയുടെ വിൽപ്പന അവസാനിപ്പിക്കും. സ്കൂളിൻറെ പരിസരങ്ങളിൽ പുകയില ഉത്പന്നങ്ങൾ വിൽക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും. ഓപ്പറേഷൻ തുഫാൻറെ വിശദമായ പ്രോജക്ട് തയാറാക്കുമെന്നും മറ്റ് സംസ്ഥാനങ്ങളിലെ ഡിജിപിമാരുമായി ബന്ധപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സമൂലമായ മാറ്റം വരുത്തും. ആരു ചെന്നാലും ഗുഡ് മോണിംഗ് പറഞ്ഞ് സ്വീകരിക്കും. സ്റ്റേഷനുകൾ വൃത്തിയാക്കും. കെട്ടിക്കിടക്കുന്ന വാഹനങ്ങൾ നീക്കും. പരാതികൾ സമചിത്തതയോടെ കേൾക്കും. ഇതുവഴി പോലീസ് സ്റ്റേഷനുകൾ ജനസേവന കേന്ദ്രങ്ങളാകും.
പോലീസ് ട്രെയിനിംഗ് സിലബസ് പരിഷ്കരിക്കും. സ്റ്റേഷൻ ചുമതല എസ്ഐമാർക്ക് നൽകുന്നതിൽ പഠനം നടത്തുകയാണ്. ലഹരി മാഫിയായെ നിയന്ത്രിക്കുന്നതിനായി മാധ്യമങ്ങളുടേയും പൊതുജനങ്ങളുടേയും സഹായവും ചെന്നിത്തല ആവശ്യപ്പെട്ടു.

