തെക്കേ കൊല്ലംകോട് ഇടവകയിലെ ബഹ്റൈൻ പ്രവാസികളുടെ കുടുംബസംഗമം ഒഐസിസി ഹാളിൽ നടന്നു. തെക്കേ കൊല്ലങ്കോട് ഇടവകയുടെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ബഹ്റൈനിൽ എത്തിച്ചേർന്ന ഇടവക വികാരി റവ. ഫാദർ. ഡോ. ഡൈസൺ യേശുദാസ് അവർകളുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ഷാജി പൊഴിയൂർ അധ്യക്ഷനായി.

ഡൊമിനിക് തോമസ് സ്വാഗതവും, ബിനുലാൽ കൃതജ്ഞതയും രേഖപ്പെടുത്തി.കുടുംബ സംഗമത്തിൽ കഴിഞ്ഞ 25 വർഷമായി പ്രവാസിയായി കഴിയുന്നവരെയും ,കുടുംബിനിയായി വന്ന് ജോലിനേടി സ്വയം പര്യാപ്തത കൈവരിച്ച വനിതകളെ പൊന്നാടയും ഫലകവും നൽകി ആദരിക്കുകയും ചെയ്തു.

പ്രവാസി സമൂഹത്തെ ബാധിക്കുന്ന അത്യന്താപേക്ഷിതമായ ചില വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യുകയും നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തു. കഴിഞ്ഞ രണ്ട് വർഷമായി ബഹ്റൈനിലെ കടലിൽ നിന്നും കാണാതായ രണ്ടു മത്സ്യത്തൊഴിലാളികളുടെ അന്വേഷണത്തിനായി ബഹ്റൈൻ ഇന്ത്യൻ അംബാസിഡറുമായി കൂടിക്കാഴ്ച നടത്തി.

കൂടാതെ കഴിഞ്ഞ രണ്ടുവർഷമായി ദുബായിലെ ജയിലിൽ കഴിയുന്ന മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാനുള്ള നടപടികൾക്കായി ശക്തമായ ഇടപെടലുകൾ നടത്തണമെന്നും യോഗത്തിൽ ധാരണയായി.നിരവധി പ്രവാസികളും കുടുംബാംഗങ്ങളും പങ്കെടുത്ത വേദി മറ്റ് നിരവധി ചർച്ചകൾക്കും സാക്ഷ്യം വഹിച്ചു.

