കാക്കനാട്: മദ്യലഹരിയിൽ യുവാവ് ഓടിച്ച ആഡംബര കാറിടിച്ചു സ്കൂട്ടർ യാത്രക്കാരായ മൂന്ന് യുവാക്കൾ മരിച്ച സംഭവത്തിൽ രണ്ടുപേരെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ സ്വദേശികളായ ജോയൽ (19), അമീൻ (19) എന്നിവരെയാണ് നെടുമ്പാശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. കാർ ഓടിച്ചിരുന്ന ആലപ്പുഴ ആലിശേരി സ്വദേശി സുഹൈൽ സജീവിനൊപ്പം ഇവരും കാറിലുണ്ടായിരുന്നു. ഞായറാഴ്ച പുലർച്ചെ വിമാനത്താവള റോഡിൽ അത്താണിയിലായിരുന്നു നാടിനെ ഞെട്ടിച്ച ഈ അപകടം നടന്നത്. അമിതവേഗത്തിലെത്തിയ ആഡംബര കാർ സ്കൂട്ടർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ കർണാടക സുള്ള്യ സ്വദേശി ഇയാസ് ഇബ്രാഹിം (21), വയനാട് കൽപറ്റ സ്വദേശി കെ.വി. ദേവിക (21), പാലക്കാട് മണ്ണാർക്കാട് സ്വദേശി എം.പി. ഗോപിക (21) എന്നിവരാണ് കൊല്ലപ്പെട്ടത്. സുഹൈലിനൊപ്പം പിടിയിലായ മറ്റൊരു പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് മറ്റു രണ്ടുപേർ കൂടി വാഹനത്തിൽ ഉണ്ടായിരുന്ന വിവരം പുറത്തുവന്നത്. ഇവർ അപകടത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് മറ്റൊരു വാഹനത്തിൽ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ജോയലിനെയും അമീനെയും ആലപ്പുഴയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇവർക്കെതിരെയും പ്രേരണക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ഇവരെ കോടതിയിൽ ഹാജരാക്കി. അതേസമയം, അപകടത്തിന് കാരണം കാറിന്റെ അമിതവേഗം തന്നെയാണെന്ന് മോട്ടർ വാഹന വകുപ്പ് കണ്ടെത്തി.
സുഹൈലിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്നും, അപകടം സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് വകുപ്പ് സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. കാറിലെ ഇലക്ട്രോണിക്സ് കൺട്രോൾ മൊഡ്യൂൾ പരിശോധിച്ച് എത്ര വേഗത്തിലായിരുന്നു വാഹനം സഞ്ചരിച്ചതെന്ന് കണ്ടെത്താൻ കമ്പനിയോട് നിർദ്ദേശിച്ചിട്ടുണ്ട്. റിമാൻഡിൽ കഴിയുന്ന സുഹൈൽ ബോസ്റ്റൽ ഹോമിൽ നിന്ന് പുറത്തിറങ്ങിയാലുടൻ ഹിയറിങ് പൂർത്തിയാക്കി ലൈസൻസ് സസ്പെൻഡ് ചെയ്യാനാണ് തീരുമാനം. സുഹൈലിന്റെ പിതാവ് സെക്കൻഡ് ഹാൻഡ് ആയാണ് ഈ കാർ വാങ്ങിയിരുന്നത്. കൂടാതെ, ഇത്തരത്തിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂട്ടുനിന്ന ബാറുകൾക്കെതിെരയും അന്വേഷണവും നടപടികളും പുരോഗമിക്കുകയാണ്.
