ന്യൂഡൽഹി: വിവരാവകാശ നിയമപ്രകാരം തന്റെ വിദ്യാഭ്യാസ യോഗ്യതകളുടെ വിവരങ്ങൾ തേടിയ പ്രാദേശിക ബിജെപി പ്രവർത്തകനു മറുപടിയുമായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെ. തന്റെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്താൻ വെല്ലുവിളിച്ച ബിജെപി നേതാക്കൾ, അവരുടെ സ്വന്തം ബിരുദ സർട്ടിഫിക്കറ്റുകൾ പരസ്യമാക്കാൻ തയാറാണോ എന്നും ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ടാണ് പരാമർശമെന്നാണ് സൂചന. ‘‘എന്റെ സ്കോളർഷിപ്പ് വിവരങ്ങളും വിദ്യാഭ്യാസ വായ്പയുടെ രേഖകളും വെളിപ്പെടുത്താൻ ഞാൻ തയാറാണ്. ചക്രവർത്തി തന്റെ ബിരുദം കാണിക്കുമോ? സാധാരണക്കാരനായ യുവാവ് ബോസ്റ്റൺ സർവകലാശാലയിൽ പഠിച്ചതിൽ ബിജെപിക്ക് എന്താണ് ഇത്ര വിഷമം. ബിജെപി പ്രവർത്തകൻ എനിക്കെതിരെ ആർടിഐ ഫയൽ ചെയ്തതായി ഞാൻ കണ്ടു. ഞാൻ എങ്ങനെയാണു വിദ്യാഭ്യാസം പൂർത്തിയാക്കിയത് എന്ന് അവർക്ക് അറിയണം. എനിക്ക് അവരോടു ചോദിക്കാനുള്ളത്, നിങ്ങളുടെ നേതാക്കൾ അവരുടെ ബിരുദം കാണിക്കാൻ തയാറാകുമോ എന്നാണ്? എനിക്കു ലഭിച്ച സ്കോളർഷിപ്പ്, വിദ്യാഭ്യാസ വായ്പ രേഖകൾ എന്നിവ വെളിപ്പെടുത്താൻ ഞാൻ തയാറാണ്. ബിജെപി നേതാക്കൾ തങ്ങളുടെ യഥാർഥ ബിരുദം പുറത്തുവിടണം. എന്തുകൊണ്ടാണ് എന്റെ വിദ്യാഭ്യാസ പശ്ചാത്തലം ഇപ്പോൾ ഒരു രാഷ്ട്രീയ പ്രശ്നമാക്കുന്നത്. ബിജെപിക്കു വിദ്യാഭ്യാസത്തോട് എന്താണ് ഇത്ര വിരോധം?’’ – അഭിജീത് ദീപ്കെ വിഡിയോയിൽ പറഞ്ഞു.
അഭിജീത് ദീപ്കെയുടെ അമേരിക്കയിലെ പഠനത്തിനുള്ള പണം കണ്ടെത്തിയതിനെച്ചൊല്ലി ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം വിഡിയോയുമായി രംഗത്തെത്തിയിരിക്കുന്നത്. ബോസ്റ്റൺ സർവകലാശാലയിലെ കോളജ് ഓഫ് കമ്യൂണിക്കേഷനിൽനിന്ന് പബ്ലിക് റിലേഷൻസിൽ മാസ്റ്റർ ഓഫ് സയൻസ് (എംഎസ്) ബിരുദം നേടിയ അഭിജീത്, സർവകലാശാലയിൽനിന്നുള്ള സ്കോളർഷിപ്പും വിദ്യാഭ്യാസ വായ്പയും വഴിയാണു പഠനം പൂർത്തിയാക്കിയതെന്ന് നേരത്തെ പറഞ്ഞിരുന്നു.
