ഡോക്ടര്‍ പി.വി.ചെറിയാന്‍റെ വിയോഗത്തില്‍ യു.പി.പി അനുശോചിച്ചു

  • Home-FINAL
  • Business & Strategy
  • ഡോക്ടര്‍ പി.വി.ചെറിയാന്‍റെ വിയോഗത്തില്‍ യു.പി.പി അനുശോചിച്ചു

ഡോക്ടര്‍ പി.വി.ചെറിയാന്‍റെ വിയോഗത്തില്‍ യു.പി.പി അനുശോചിച്ചു


ബഹ്റൈനിലെ പ്രമുഖ ഡോക്ടറും സാമൂഹിക,സാംസ്കാരിക പ്രവർത്തകനും വിദ്യാഭ്യാസ പ്രവർത്തകനുമായ ഡോ. പി.വി. ചെറിയാന്റെ വിയോഗത്തില്‍ യു.പി.പി അനുശോചന രേഖപ്പെടുത്തി.അതീവ ദുഃഖത്തോടെയാണ് യൂണൈറ്റഡ് പാരന്റ്സ് പാനൽ ഈ വാര്‍ത്ത ശ്രവിച്ചതെന്ന് കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു.

ബഹ്റൈനിലെ ആരോഗ്യരംഗത്ത് പതിറ്റാണ്ടുകളായി നിസ്വാർത്ഥ സേവനം അനുഷ്ഠിച്ച അദ്ദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ അത്യാഹിത വിഭാഗത്തിന്റെ തലവനായും ബഹ്റൈൻ രാജകുടുംബത്തിന്റെ മെഡിക്കൽ ടീമിലെ അംഗമായും സേവനമനുഷ്ഠിച്ചിരുന്നു.

ബഹ്റൈനിലെ പ്രവാസികൾക്കും സ്വദേശികൾക്കും ഒരുപോലെ പ്രിയങ്കരനായിരുന്ന അദ്ദേഹം ചികിത്സാരംഗത്തെ മികവിനൊപ്പം മാനവികതയും കരുണയും കൊണ്ട് ഏവരുടെയും ആദരവും സ്നേഹവും നേടിയ വ്യക്തിത്വമായിരുന്നു.

ആരോഗ്യരംഗത്തെ സേവനങ്ങൾക്കൊപ്പം വിദ്യാഭ്യാസരംഗത്തും അദ്ദേഹം നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടുന്നതാണ്. ഇന്ത്യൻ സ്കൂളിന്റെ ചെയർമാനായിരുന്ന കാലഘട്ടത്തിൽ വിദ്യാർത്ഥികളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് നിരവധി നവീന പദ്ധതികൾ നടപ്പിലാക്കി. ഇന്ന് സ്കൂളിന്റെ അഭിമാനമായി മാറിയ ഇന്ത്യൻ സ്കൂൾ ബാൻഡ് ടീമിന് രൂപം നൽകിയത് അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു.
ഫീസടക്കാന്‍ ബുദ്ധിമുട്ടുന്ന കുട്ടികള്‍ക്ക് ഫീസിളവ് നല്‍കാനായി ഇന്ത്യന്‍ സ്കൂള്‍ നടത്താറുള്ള മെഗാഫെയര്‍ എന്ന ആശയത്തിന്‍റെ ശില്പിയായി കരുതാവുന്ന അദ്ദേഹം ഹയര്‍ സെക്കൻഡറി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് സ്യൂട്ടും ടൈയും ഉൾപ്പെടുന്ന യൂണിഫോം സംവിധാനം നടപ്പിലാക്കിയതും അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന്റെ ഭാഗമായിരുന്നു.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നിരവധി രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും സഹായഹസ്തം നീട്ടിയ അദ്ദേഹം, അവർക്ക് വിദ്യാഭ്യാസം മുടങ്ങാതെ മുന്നോട്ടുപോകാൻ ആവശ്യമായ പിന്തുണയും സഹായങ്ങളും ഉറപ്പാക്കുന്നതിൽ പ്രത്യേക ശ്രദ്ധ പുലർത്തി. വിദ്യാഭ്യാസരംഗത്ത് അദ്ദേഹം കാഴ്ചവെച്ച കരുതലും നേതൃത്വവും ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിന് എന്നും പ്രചോദനമായിരിക്കും.

ബഹ്റൈൻ കാൻസർ സെന്റർ സൊസൈറ്റി ചെയർമാനായും, ICRF ചെയർമാനായും ഉൾപ്പെടെ വിവിധ മേഖലകളിൽ അദ്ദേഹം വഹിച്ച നേതൃത്വം സമൂഹത്തിന് വിലമതിക്കാനാകാത്ത സംഭാവനകളാണ് സമ്മാനിച്ചത്.

ഡോ. പി.വി. ചെറിയാന്റെ വിയോഗം ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിനും ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങൾക്കും നികത്താനാവാത്ത നഷ്ടമാണെന്ന് യു.പി.പി ഭാരവാഹികള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ യൂണൈറ്റഡ് പാരന്റ്സ് പാനൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുകയും പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുകയും ചെയ്യുന്നതായും അനുശോചന കുറിപ്പിലൂടെ യു.പി.പി അറിയിച്ചു.

Leave A Comment