വോട്ടെണ്ണൽ: വി.ഡി.സതീശൻ മത്സരിക്കുന്ന പറവൂർ മണ്ഡലത്തിൽ വിധിയറിയാൻ കാത്തിരിക്കണം

  • Home-FINAL
  • Kerala
  • വോട്ടെണ്ണൽ: വി.ഡി.സതീശൻ മത്സരിക്കുന്ന പറവൂർ മണ്ഡലത്തിൽ വിധിയറിയാൻ കാത്തിരിക്കണം

വോട്ടെണ്ണൽ: വി.ഡി.സതീശൻ മത്സരിക്കുന്ന പറവൂർ മണ്ഡലത്തിൽ വിധിയറിയാൻ കാത്തിരിക്കണം


കാക്കനാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മത്സരിക്കുന്ന പറവൂർ മണ്ഡലത്തിലെ വോട്ടെണ്ണലിനുള്ള ക്രമീകരണം പോരെന്ന്‌ പരാതി. വോട്ടെണ്ണൽ മേശകളുടെ എണ്ണം കൂട്ടണമെന്നും ആവശ്യമുയർന്നിട്ടുണ്ട്‌. മറ്റു മണ്ഡലങ്ങളിലുള്ളത്ര വോട്ടെണ്ണൽ മേശകൾ പറവൂർ മണ്ഡലത്തിൽ ക്രമീകരിച്ചിട്ടില്ലാത്തതിനാലാണിത്‌. ഫല പ്രഖ്യാപനം വൈകുമെന്നും ആശങ്കയുണ്ട്‌. മണ്ഡലത്തിലെ പ്രതിസന്ധി വരണാധികാരിയായ ഡപ്യൂട്ടി കലക്ടർ അനിൽ ഫിലിപ്പ് കലക്ടറെ അറിയിച്ചിട്ടുണ്ട്. ആലുവ യുസി കോളജിലാണ് പറവൂർ മണ്ഡലത്തിലെ വോട്ടെണ്ണുന്നത്. 13 വോട്ടെണ്ണൽ മേശകളാണ് പറവൂരിനുള്ളത്‌. മറ്റു മണ്ഡലങ്ങളിലെ വോട്ടെണ്ണലിന് 14 വീതം വോട്ടെണ്ണൽ മേശകൾ ക്രമീകരിക്കുമ്പോൾ ഹാളിലെ സ്ഥലക്കുറവു ചൂണ്ടിക്കാട്ടിയാണ് പറവൂരിൽ വോട്ടെണ്ണൽ മേശകളുടെ എണ്ണം കുറച്ചത്. ഇതുമൂലം 17 റൗണ്ട് പൂർണമായും ഒരു റൗണ്ട് ഭാഗികമായും എണ്ണിയാലേ പറവൂരിലെ വോട്ടെണ്ണൽ തീരുകയുള്ളു. സംസ്ഥാനം മുഴുവൻ ശ്രദ്ധിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് പറവൂരെന്നതിനാൽ വോട്ടെണ്ണൽ നീളുന്നതും ഫല പ്രഖ്യാപനം വൈകുന്നതും ആക്ഷേപത്തിനിടയാക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ ആശങ്ക.

മറ്റു മണ്ഡലങ്ങളിലേതു പോലെ 14 വോട്ടെണ്ണൽ മേശകൾ പറവൂരിൽ ഒരുക്കിയാൽ 15 റൗണ്ടിൽ വോട്ടെണ്ണി തീർക്കാം. വോട്ടെണ്ണൽ ഹാളിലെ സ്ഥലം പരമാവധി പ്രയോജനപ്പെടുത്തി 14 വോട്ടെണ്ണൽ മേശകൾ പറവൂരിനായി വേണമെന്നാണ്‌ ആവശ്യം. തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതിയോടെ യുസി കോളജിലെ തന്നെ വേറെ ഹാളിലേക്ക് വോട്ടെണ്ണൽ മാറ്റാനാകുമോയെന്നും പരിഗണിക്കുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ റൗണ്ട് വോട്ടെണ്ണൽ വേണ്ടി വരുന്നതു തൃപ്പൂണിത്തുറ മണ്ഡലത്തിലാണ് 21 റൗണ്ട്.

Leave A Comment