ന്യൂഡൽഹി: കേരളത്തിന്റെ സ്വപ്‌ന പദ്ധതികൾ നടപ്പിലാക്കാൻ പ്രധാനമന്ത്രിയോടും ധനമന്ത്രിയോടും പിന്തുണ നേടിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സംസ്ഥാനത്തിന്റെ ധനസ്ഥിതിയിൽ ധവളപത്രം ഇറക്കുമെന്നും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം ഡൽഹിയിൽ അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
‘പ്രധാനമന്ത്രിയും ധനമന്ത്രിയുമായും കൂടിക്കാഴ്‌ച നടത്തി. വിശദമായ കൂടിക്കാഴ്‌ചയാണ് നടന്നത്. കേരളത്തിന്റെ പ്രശ്‌നങ്ങളെക്കുറിച്ചും മുൻഗണനകളെക്കുറിച്ചും സൂചിപ്പിച്ചു. നമ്മുടെ സ്വപ്‌ന പദ്ധതികൾക്ക് പിന്തുണ നൽകണമെന്നും അഭ്യർത്ഥിച്ചു. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ധവളപത്രം ജൂൺ ആദ്യവാരം പുറത്തിറക്കും. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധങ്ങളിലെ പ്രശ്‌നങ്ങൾ അറിയിച്ചിട്ടുണ്ട്. അനുകൂലമായ നിലപാടുണ്ടാകുമെന്നാണ് കേന്ദ്രം പറഞ്ഞത്.
പിഎം ശ്രീയുടെ നിയമപരമായ കാര്യങ്ങൾ പരിശോധിക്കും. മന്ത്രിസഭാ യോഗത്തിലും ഇക്കാര്യം ചർച്ചചെയ്‌തു. സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചത് ഞങ്ങളല്ല. മുൻ സർക്കാരാണ്. എന്നിട്ടും സ്ഥലം ഏറ്റെടുത്തുകൊണ്ടുള്ള വിജ്ഞാപനം നിലനിന്നു. അതാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്. സാധാരണക്കാരായ ജനങ്ങൾക്ക് സ്ഥലം വിൽക്കാൻ ഇതിനാൽ സാധിക്കില്ല. ഇക്കാരണത്താലാണ് വിജ്ഞാപനം പിൻവലിച്ചത്. കടമെടുപ്പിന്റെ പരിധിയിൽ നിന്ന് ദേശീയപാതാ വികസനത്തിനുള്ള തുക ഒഴിവാക്കണമെന്നാവശ്യപ്പെട്ടു.

