കൊച്ചി: വാഹന മോഡിഫിക്കേഷനിൽ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി എം വിഡി ക്കും പൊലീസിനും നിർദേശം നൽകി. ഒന്നിലേറെ നിയമലംഘനം നടത്തുന്നവരിൽ നിന്ന് ഓരോന്നിനും 5000 രൂപ വീതം പിഴയീടാക്കണമെന്ന് കോടതി നിർദേശിച്ചു. അടൂരിൽ പ്രളയരക്ഷാപ്രവർത്തനത്തിനെത്തിയ വണ്ടിക്ക് ആകെ 5000 രൂപ മാത്രം പിഴ ചുമത്തിയതിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചു.
പ്രളയത്തിൽ രക്ഷാപ്രവർത്തനത്തിനെത്തിയ ഥാർ ജീപ്പിൽ ആറ് ലൈറ്റുകൾ അധികമായി ഘടിപ്പിച്ചിരുന്നതായി ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ റിപ്പോർട്ടിലുണ്ട്. ഇതിന് 5000 രൂപ പിഴയും പുക പരിശോധന സർട്ടിഫിക്കറ്റ് സംബന്ധമായ ലംഘനത്തിന് 2000 രൂപയുമാണ് പിഴ ചുമത്തിയത്. ആറ് ലൈറ്റുകൾക്കായി ആകെ 5000 രൂപ പിഴ ചുമത്തിയതിലാണ് കോടതി അതൃപ്തി രേഖപ്പെടുത്തിയത്.
അനുവദനീയമായതിൽ കൂടുതലായി ഒരു ലൈറ്റും വാഹനത്തിൽ ഘടിപ്പിക്കരുത്. വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണം. ശക്തിയേറിയ വെളിച്ചമുള്ള എൽഇഡി ലൈറ്റുകൾ, കളർ ലൈറ്റുകൾ എന്നിവ അനുവദനീയമല്ല. ഇത്തരം ലൈറ്റുകൾ കാൽനടക്കാരെയും മറ്റ് വാഹനങ്ങളെയും അപകടത്തിലാക്കാനിടയുണ്ട്. ശബ്ദവും തീയുമുണ്ടാക്കുന്ന പുകക്കുഴലുകൾ അപകടസാദ്ധ്യത വർദ്ധിപ്പിക്കും. ഇത് കർശനമായി നിയന്ത്രിക്കണം. റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്ന എല്ലാ വാഹന മോഡിഫിക്കേഷനുകളിലും പൊലീസും എംവിഡിയും കർശന നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു. ഏതൊക്കെ നടപടികൾ സ്വീകരിച്ചുവെന്ന് അടുത്ത മാസം ഏഴിന് കോടതിയെ അറിയിക്കണം.
