ആലപ്പുഴ ജില്ലക്കാരുടെ ബഹ്റൈനിലെ കൂട്ടായ്മയായ വോയ്സ് ഓഫ് ആലപ്പി ‘നേട്ടം 2026’ സംഘടിപ്പിച്ചു. സൽമാനിയയിലെ കലവറ റെസ്റ്റോറന്റിൽ സംഘടിപ്പിച്ച പരിപാടിയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു. ബഹ്റൈനിലുള്ള കുട്ടികളും, നാട്ടിലുള്ള കുട്ടികൾക്കായി അവരുടെ മാതാപിതാക്കളും ആദരവ് ഏറ്റുവാങ്ങി.
ബഹ്റൈനിലെ മുതിർന്ന മാധ്യമപ്രവർത്തകനും വോയ്സ് ഓഫ് ആലപ്പി രക്ഷാധികാരിയുമായ സോമൻ ബേബി പരിപാടി ഉൽഘാടനം ചെയ്തു. വോയ്സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം അധ്യക്ഷനായ യോഗത്തിൽ ജനറൽ സെക്രട്ടറി ധനേഷ് മുരളി സ്വാഗതം പറഞ്ഞു. രക്ഷാധികാരികളായ സഈദ് റമദാൻ നദ്വി, അനിൽ യു കെ എന്നിവർ ആശംസകൾ നേർന്നു. വൈസ് പ്രസിഡന്റ് അനൂപ് ശശികുമാർ പരിപാടിയുടെ കോർഡിനേറ്റർ ആയിരുന്നു. രക്ഷാധികാരികളും, ഭാരവാഹികളും ചേർന്ന് കുട്ടികൾക്ക് മൊമെന്റോ നൽകി ആദരിച്ചു. വിദ്യാർത്ഥികളുടെ നേട്ടങ്ങൾ തുടർന്നുള്ള ജീവിത വിജയങ്ങൾക്ക് പ്രചോദനമാകട്ടെ എന്ന് ഉൽഘാടന പ്രസംഗത്തിൽ സോമൻ ബേബി ആശംസിച്ചു. വോയ്സ് ഓഫ് ആലപ്പി എക്സിക്യൂട്ടീവ് അംഗങ്ങൾ, വിവിധ ഏരിയ ഭാരവാഹികൾ, ലേഡീസ് വിങ് എക്സിക്യൂട്ടീവ് അംഗങ്ങൾ ഉൾപ്പടെ നൂറിലധികം പേർ പങ്കെടുത്തു. ട്രെഷറർ ബോണി മുളപ്പാംപള്ളിൽ എല്ലാവർക്കും നന്ദി പറഞ്ഞു.
ബഹ്റൈൻ രാജാവിനോടും, രാജ്യത്തോടുമുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ചടങ്ങിൽ വച്ച് പ്രതിജ്ഞ ചൊല്ലി. തുടർന്ന് കുട്ടികളുടെ നൃത്തനിത്യങ്ങളും, വോയ്സ് ഓഫ് ആലപ്പി കലാകാരന്മാരുടെ ഗാനസന്ധ്യയും അരങ്ങേറി.
