ബഹ്റൈനിലെ ആരോഗ്യ-സാമൂഹിക-വിദ്യാഭ്യാസ രംഗങ്ങളിൽ നാല് പതിറ്റാണ്ടിലേറെ നിറസാന്നിധ്യമായിരുന്ന പ്രമുഖ ഡോക്ടർ ഡോ. പി. വി. ചെറിയാന് ആദരം അർപ്പിച്ച് വടകര സഹൃദയവേദി.
ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ നിര്യാണം ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിന് നികത്താനാകാത്ത ഒരു നഷ്ടമാണ്.ബഹ്റൈനിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയായ സൽമാനിയ മെഡിക്കൽ കോംപ്ലെക്സിലെ ലെ അപകട-അടിയന്തര വിഭാഗത്തിൽ ദീർഘകാലം ചീഫ് റെസിഡന്റായി പ്രവർത്തിച്ച അദ്ദേഹം, ആയിരക്കണക്കിന് രോഗികൾക്ക് ചികിത്സയും അടിയന്തര വൈദ്യസഹായവും നൽകി. തൊഴിൽനൈപുണ്യവും രോഗികളോടുള്ള കരുതലും കൊണ്ട് സഹപ്രവർത്തകരുടെയും പൊതുസമൂഹത്തിന്റെയും ആദരവ് നേടിയ ഡോക്ടറായിരുന്നു അദ്ദേഹം.
വൈദ്യസേവനത്തിനപ്പുറം പ്രവാസി സമൂഹത്തിന്റെ പൊതുജീവിതത്തിലും അദ്ദേഹം ശ്രദ്ധേയമായ പങ്കുവഹിച്ചു. ബഹ്റൈനിലെ ഇന്ത്യൻ സ്കൂൾ ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട് .ജീവകാരുണ്യ പ്രവർത്തനങ്ങളിലും അദ്ദേഹത്തിന്റെ ഇടപെടൽ ശ്രദ്ധേയമായിരുന്നു. കാൻസർ കെയർ ഗ്രൂപ്പിന്റെ പ്രസിഡന്റെന്ന നിലയിൽ കാൻസർ രോഗികൾക്കായുള്ള സഹായ പദ്ധതികൾ അസൂത്രണം ചെയ്തു നടപ്പാക്കി.
വടകര സഹൃദയവേദിയുമായി എന്നും നല്ല ബന്ധം കാത്തു സൂക്ഷിക്കുകയും സംഘടനയുടെ പ്രധാന പ്രവർത്തനങ്ങളിൽ ഒരു വഴികാട്ടിയായും ഡോക്ടർ എന്നും ഉണ്ടായിട്ടുണ്ട് .ഡോക്ടർ എന്നതിലുപരി സമൂഹത്തിന് എപ്പോഴും ലഭ്യമായിരുന്ന വ്യക്തിത്വമായിരുന്നു ഡോ. ചെറിയാൻ. അടിയന്തര സാഹചര്യങ്ങളിൽ സഹായം ആവശ്യമായ പ്രവാസികൾക്ക് സമയവും സാഹചര്യവും നോക്കാതെ കൈത്താങ്ങായിരുന്ന അദ്ദേഹമെന്നു അനുസ്മരണ സന്ദേശത്തിൽ വ്യക്തമാക്കി.
വൈദ്യസേവനത്തിലും വിദ്യാഭ്യാസരംഗത്തും പ്രവാസി സമൂഹത്തിന്റെ സാമൂഹിക മുന്നേറ്റത്തിലും അദ്ദേഹം നൽകിയ സംഭാവനകൾ ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിന്റെ ചരിത്രത്തിൽ എന്നും സ്മരിക്കപ്പെടുമെന്നു സഹൃദയവേദി വാരവാഹികൾ പത്രകുറിപ്പിലൂടെ വ്യക്തമാക്കി
