ന്യൂഡൽഹി∙ കോക്രോച്ച് ജനതാ പാർട്ടി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലുണ്ടാവില്ലെന്ന് സ്ഥാപകൻ അഭിജീത് ദീപ്കെ. ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് സിപിജെപിയുടെ നയം ദീപ്കെ വ്യക്തമാക്കിയത്. ‘‘എന്തിനാണ് ഞങ്ങൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. നമ്മുടെ അവകാശങ്ങൾ ചോദിച്ചുവാങ്ങാൻ രാജ്യത്തെ ഓരോരുത്തരും തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നാണോ, എങ്കിൽ അതെങ്ങനെയാണ് നടപ്പിലാക്കുക’’ – ദീപ്കെ ചോദിച്ചു.
നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ മാതാപിതാക്കളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്നും ദീപ്കെ പറഞ്ഞു. വിദ്യാർഥികളുമായി പ്രധാനമന്ത്രി സംസാരിച്ചിരുന്നെങ്കിൽ അവരുടെ പ്രശ്നം അദ്ദേഹത്തിന് മനസ്സിലാക്കാൻ സാധിക്കുമായിരുന്നെന്നും അഭിജീത് ദീപ്കെ പറഞ്ഞു.
‘‘ലോകത്ത് എന്തെങ്കിലും നടന്നാൽ പ്രധാനമന്ത്രി ട്വീറ്റ് ചെയ്യും. നമ്മുടെ രാജ്യത്തെ കുട്ടികൾ ആത്മഹത് ചെയ്യുകയാണ്. എന്നാൽ അവർക്കു വേണ്ടി ഒരു അനുശോചന പോസ്റ്റ് പോലും പ്രധാനമന്ത്രിയിൽ നിന്ന് വരുന്നില്ല. കുട്ടികൾ പറയുന്നതെങ്കിലും ശ്രദ്ധിക്കൂ’’ – ദീപ്കെ പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവയ്ക്കുന്നതുവരെ പ്രതിഷേധങ്ങൾ അവസാനിപ്പിക്കില്ലെന്നും ദീപ്കെ ആവർത്തിച്ചു.
