ന്യൂഡൽഹി: വനിതാ സംവരണ ബിൽ പാസാകാത്തതിൽ രാജ്യത്തെ സ്ത്രീകളോട് ക്ഷാമപണം നടത്തിയും പ്രതിപക്ഷത്തെ കടുത്ത ഭാഷയിൽ കുറ്റപ്പെടുത്തിയും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി രൂക്ഷ വിമർശനങ്ങൾ നടത്തിയത്. വനിതാ സംവരണ ബിൽ പാസാകാത്തതിൽ രാജ്യത്തെ എല്ലാ സ്ത്രീകളോടും മാപ്പ് പറയുന്നുവെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി അഭിസംബോധന ആരംഭിച്ചത്. ‘സ്ത്രീകളുടെ പുരോഗതി എങ്ങനെ നിലച്ചുവെന്ന് ഈ രാജ്യത്തെ ഓരോ പൗരനും സാക്ഷ്യം വഹിച്ചിരിക്കുകയാണ്. നമ്മൾ പരമാവധി ശ്രമിച്ചിട്ടും വിജയിച്ചില്ല. സ്ത്രീ സംവരണ ബില്ലിനായി ഭേദഗതികൾ വരുത്താൻ കഴിഞ്ഞില്ല. എല്ലാ അമ്മമാരോടും ഞാൻ ക്ഷമ ചോദിക്കുന്നു’, മോദി പറഞ്ഞു.
‘ഞങ്ങൾക്ക് രാജ്യത്തിന്റെ താൽപര്യമാണ് പ്രധാനം. എന്നാൽ ചിലർക്ക് രാഷ്ട്രീയമാണ് വലുത്. ദേശത്തേക്കാളും അവർക്ക് രാഷ്ട്രീയമാണ് വലുത്. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഡിഎംകെ, സമാജ് വാദി പാർട്ടി തുടങ്ങിയവരുടെ സ്വാർഥ രാഷ്ട്രീയം രാജ്യത്തെ സ്ത്രീകളെ വേദനിപ്പിച്ചു. വനിതാ സംവരണ ബിൽ പരാജയപ്പെട്ടപ്പോൾ കോൺഗ്രസിനെയും ഡിഎംകെയെയും തൃണമൂലിനെയും സമാജ് വാദി പാർട്ടിയെയും പോലുള്ള കുടുംബാധിപത്യ പാർട്ടികൾ സന്തോഷത്തോടെ കൈയടിച്ചത് കണ്ടപ്പോൾ വലിയ ദുഃഖമുണ്ടായി. എങ്ങനെയാണ് ഇന്ത്യയിലെ സ്ത്രീശക്തി ഉയർന്നു പറക്കുന്നതിൽ നിന്ന് എങ്ങനെയാണ് തടഞ്ഞതെന്ന് ഇന്ത്യയിലെ ഓരോരുത്തരും കണ്ടതാണ്. എല്ലാത്തരത്തിലും ശ്രമിച്ചിട്ടും വനിതാ സംവരണ ഭേദഗതി ബിൽ പാസാക്കാനായില്ല. അതിന് എല്ലാ അമ്മമാരോടും സഹോദരിമാരോടും ക്ഷമ ചോദിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

