തിരുവനന്തപുരം: കേരള പിഎസ്‌സി നടത്തിയ സുപ്രധാനമായ ഒരു പരീക്ഷയിൽ 10 ചോദ്യങ്ങൾ വിലയിരുത്താതെ ഫലം പ്രസിദ്ധീകരിച്ചതായി റിപ്പോർട്ട്. ഉയർന്ന ശമ്പളമുള്ള 3 തസ്തികകളിലേക്കായി നടത്തിയ പൊതു പ്രാഥമിക പരീക്ഷയിലാണ് ഈ ഗുരുതര വീഴ്ച സംഭവിച്ചിരിക്കുന്നത്. വിവരവകാശ നിയമപ്രകാരം ഒരു ഉദ്യോഗാർത്ഥി നടത്തിയ അപ്പീലിലൂടെയാണ് ഈ വിവരം പുറത്തുവന്നത്. സംസ്ഥാന ആസൂത്രണ ബോർഡിലെ ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗം ചീഫ്, പേഴ്സ്പെക്ടീവ് പ്ലാനിങ് ഡിവിഷൻ ചീഫ്, പ്ലാനിങ് കോ–ഓർഡിനേഷൻ ഡിവിഷൻ ചീഫ്. (ഒന്നേകാൽ ലക്ഷം രൂപ അടിസ്ഥാന ശമ്പളമുള്ള തസ്തികകൾ). 2023 ജൂലൈ 13-ന് 228 പേർ പരീക്ഷ എഴുതുകയും 2025 മേയ് 31-ന് റാങ്ക് ലിസ്‌റ്റ് നിലവിൽ വരികയും ചെയ്‌തു.
ഈ പരീക്ഷയുടെ ഡിജിറ്റൽ മൂല്യനിർണയത്തിനിടെ 9 മുതൽ 18 വരെയുള്ള 10 ചോദ്യങ്ങൾ മാർക്കിടാതെ ഒഴിവാക്കുകയായിരുന്നു. പരീക്ഷ എഴുതിയ 228 പേരുടെയും ഉത്തരക്കടലാസുകളിൽ ഈ ചോദ്യങ്ങൾ നോക്കിയിട്ടില്ലെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. ഈ 10 ചോദ്യങ്ങൾക്ക് കൂടി മാർക്ക് നൽകിയിരുന്നെങ്കിൽ റാങ്ക് പട്ടിക തന്നെ പൂർണ്ണമായി മാറുമായിരുന്നു. ഈ പിഴവ് തിരുത്തുന്നതിന് പകരം, ഉദ്യോഗാർത്ഥികൾക്ക് ഉത്തരക്കടലാസ് നൽകാതെ പിഎസ്‌സി ഒളിച്ചുകളി നടത്തുകയായിരുന്നു എന്ന് വാർത്തയിൽ പറയുന്നു. പരീക്ഷയിൽ മൂന്നാം റാങ്ക് ലഭിച്ച കെ. ശ്യാം കൃഷ്ണൻ എന്ന ഉദ്യോഗാർത്ഥിക്ക് മാർക്കിൽ സംശയം തോന്നി വിവരവകാശ പ്രകാരം അപ്പീൽ പോയപ്പോഴാണ് ഈ അപാകത പുറത്തറിഞ്ഞത്.
ഈ റാങ്ക് ലിസ്റ്റുകളിൽ ഒരെണ്ണത്തിൽ നിന്ന് ഇതിനകം തന്നെ ഒരു നിയമനം നടന്നിട്ടുണ്ട്. ഇടതു സർവീസ് സംഘടനയുടെ സജീവ പ്രവർത്തകനായ ഒന്നാം റാങ്കുകാരനെയാണ് കഴിഞ്ഞ വർഷം ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ചീഫ് ആയി നിയമിച്ചത്. രണ്ടാമത്തെ പട്ടികയിലെ ഒന്നാം റാങ്കുകാരന് അഡ്വൈസ് മെമ്മോ അയച്ചിട്ടുണ്ട്. മൂന്നാമത്തെ ലിസ്റ്റിൽ തുടർനടപടികൾ സ്വീകരിച്ചിട്ടില്ല. പിഴവ് കണ്ടെത്തിയിട്ടും റാങ്ക് ലിസ്റ്റുകൾ അന്തിമമായിട്ടില്ലെന്ന കാരണം പറഞ്ഞ് കഴിഞ്ഞ 3 വർഷമായി മാർക്കുകൾ പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തയ്യാറായിട്ടില്ല. ഡിവൈഎസ്പി, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫിസർ നിയമനങ്ങളിലെ വിവാദങ്ങൾക്ക് പിന്നാലെയാണ് പിഎസ്‌സിയെ പ്രതിരോധത്തിലാക്കുന്ന പുതിയ വിവരം പുറത്തുവന്നിരിക്കുന്നത്.
