ദോഹ: ഖത്തർ ലോകകപ്പ് സമാപന ചടങ്ങിന്റെ സ്റ്റാമ്പ് ഖത്തർ പോസ്റ്റ് പുറത്തിറക്കി. ഫിഫയുമായുള്ള കരാർ പ്രകാരം ഖത്തർ പോസ്റ്റാണ് ഈ വർഷത്തെ ടൂർണമെന്റിന്റെ സ്റ്റാമ്പ് വിഭാഗത്തിന്റെ ഔദ്യോഗിക ലൈസൻസി.
മുൻ ലക്കങ്ങൾക്ക് സമാനമായി, ലോകകപ്പിന്റെ പ്രസിദ്ധീകരണങ്ങളുടെ ഒരു തുടർച്ചയും ലോകകപ്പുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളുടെയും ഡോക്യുമെന്റേഷന്റെയും ഭാഗമായാണ് സമാപന ചടങ്ങിന്റെ സ്റ്റാമ്പ് പുറത്തിറക്കിയത്. വ്യതിരിക്തമായ ഡിസൈനുകളിലൂടെ, ഓരോ സ്റ്റാമ്പും ഖത്തറിന്റെ തനത് സംസ്കാരം ഉൾക്കൊള്ളുന്നു.
സീരീസിലെ 11-ാമത്തെയും അവസാനത്തേതുമായ സ്റ്റാമ്പാണ് പുറത്തിറക്കിയത്. സ്റ്റാമ്പ് സെറ്റ് 22 ഖത്തർ റിയാലിന് പൊതുജനങ്ങൾക്കു ലഭിക്കും. ആദ്യ ഘട്ടമെന്ന നിലയിൽ 30,000 കോപ്പികളും 7,000 കവറുകളും 6,000 പോസ്റ്റ്കാർഡുകളും 1,000 വി.ഐ.പി. ഫോൾഡറുകളുമാണ് അച്ചടിച്ചത്.