ബഹ്റൈനിൽ വീട് കത്തിനശിച്ച കുടുംബത്തിന് അടിയന്തര സഹായം നൽകാൻ ഉത്തരവ്. യുവജന, ചാരിറ്റി കാര്യങ്ങള്‍ക്കായുള്ള ബഹ്റൈൻ രാജാവിന്റെ പ്രതിനിധിയും റോയല്‍ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന് ചെയര്‍മാനുമായ ഹിസ് ഹൈനസ് ശൈഖ് നാസിര്‍ ബിന്‍ ഹമദ് അൽ ഖലീഫയാണ് തീപിടത്തിൽ വീട് നശിച്ച കുടുംബത്തിന് സഹായം നൽകാൻ ഉത്തരവിട്ടത് . ഇതിനെ തുടർന്ന് ഹമദ് ടൗണിലെ കത്തിനശിച്ച വീട് ആര്.എച്ച്.എഫ് സെക്രട്ടറി ജനറല്‍ ഡോ. മുസ്തഫ അസ്സയ്യിദ്, എം.പി ജമീല്‍ മുഹല്ല ഹസന് എന്നിവര്‍ സന്ദര്‍ശിക്കുകയും വിലയിരുത്തുകയും ചെയ്തു. തീപിടിത്തത്തില്‍ ആളപായമോ പരിക്കോ ഉണ്ടായിട്ടില്ല എന്നത് ഏറെ ആശ്വാസകരമാണെന്ന് ഡോ. മുസ്തഫ അസ്സയ്യിദ് പറഞ്ഞു. കത്തി നശിച്ച വീടിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കാവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.