ഭിന്നശേഷി വിഭാഗത്തോടുള്ള സമൂഹത്തിന്റെ അന്ധത മാറ്റാന്‍ ഫാസില്‍ ബഷീര്‍ കണ്ണുകെട്ടി മോട്ടോര്‍ സൈക്കിള്‍ ഓടിച്ചു

  • Home-FINAL
  • Business & Strategy
  • ഭിന്നശേഷി വിഭാഗത്തോടുള്ള സമൂഹത്തിന്റെ അന്ധത മാറ്റാന്‍ ഫാസില്‍ ബഷീര്‍ കണ്ണുകെട്ടി മോട്ടോര്‍ സൈക്കിള്‍ ഓടിച്ചു

ഭിന്നശേഷി വിഭാഗത്തോടുള്ള സമൂഹത്തിന്റെ അന്ധത മാറ്റാന്‍ ഫാസില്‍ ബഷീര്‍ കണ്ണുകെട്ടി മോട്ടോര്‍ സൈക്കിള്‍ ഓടിച്ചു


തിരുവനന്തപുരം ഭിന്നശേഷി വിഭാഗത്തോടുള്ള സമൂഹത്തിന്റെ അന്ധത മാറ്റാനും അവരെയും സമൂഹത്തിന്റെ തുല്യഭാഗമാക്കുവാനും ആഹ്വാനം ചെയ്തുകൊണ്ട് മാന്ത്രികനും മെന്റലിസ്റ്റുമായ ഫാസില്‍ ബഷീര്‍ കണ്ണുകെട്ടി മോട്ടോര്‍ സൈക്കിള്‍ ഓടിച്ചു. ഇന്ത്യയിലാദ്യമായി ഫെബ്രുവരി 25, 26 തീയതികളില്‍ ഡിഫറന്റ് ആര്‍ട് സെന്ററില്‍ നടക്കുന്ന സമ്മോഹന്‍ കലാമേളയ്ക്ക് പിന്തുണ അര്‍പ്പിച്ചുകൊണ്ടാണ് ബ്ലൈന്‍ഡ് ഫോള്‍ഡ് ആക്ട് എന്ന ഇന്ദ്രജാല പ്രകടനം അവതരിപ്പിച്ചത്. ഡിഫറന്റ് ആര്‍ട് സെന്ററിന്റെ പ്രവേശന കവാടത്തില്‍ നിന്നും ആരംഭിച്ച യാത്ര മന്ത്രി റോഷി അഗസ്റ്റിന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. മാനവികതയുടെ ഇന്ദ്രജാലമാണ് ഡിഫറന്റ് ആര്‍ട് സെന്ററില്‍ നടക്കുന്നതെന്ന് സെന്റര്‍ സന്ദര്‍ശിച്ച മന്ത്രി അഭിപ്രായപ്പെട്ടു. ഒഴിവാക്കി നിര്‍ത്തിയിരുന്ന ഒരു വിഭാഗത്തെ മുഖ്യധാരയിലേയ്ക്കുയര്‍ത്തുന്ന സെന്ററിന്റെ പ്രവര്‍ത്തനം കേരളത്തെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനമുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൗണ്‍സിലര്‍ ബിനു പരിശോധിച്ച മുഖംമൂടി മന്ത്രി ഫാസില്‍ ബഷീറിനെ അണിയിച്ചു. തുടര്‍ന്ന് മന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തതോടെ യാത്ര ആരംഭിച്ചു. ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികളുടെ രക്ഷിതാക്കള്‍ യാത്രയ്ക്ക് അകമ്പടി സേവിച്ചു. വെട്ടുറോഡില്‍ സമാപിച്ച യാത്രയില്‍ എ.സി.പി ഹരി ഫാസില്‍ ബഷീറിന്റെ കണ്ണുകെട്ടഴിച്ച് സമാപനം കുറിച്ചു. ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് പങ്കെടുത്തു.

ഫെബ്രുവരി 25, 26 തീയതികളില്‍ ഡിഫറന്റ് ആര്‍ട് സെന്ററിലാണ് സമ്മോഹന്‍ ദേശീയ കലാമേള നടക്കുന്നത്. കലാമേളയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തില്‍പ്പരം ഭിന്നശേഷിക്കുട്ടികള്‍ പങ്കെടുക്കും. കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഡിഫറന്റ് ആര്‍ട് സെന്റര്‍, മാജിക് പ്ലാനറ്റ് എന്നിവയിലെ പതിനഞ്ചോളം വേദികളാണ് കലാമേളയ്ക്കായി ഉപയോഗിക്കുന്നത്. ഇന്ത്യയിലാദ്യമായാണ് ഇത്തരമൊരു കലാമേള സംഘടിപ്പിക്കപ്പെടുന്നത്.
മേളയില്‍ കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിന്റെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എംപവര്‍മെന്റ് ഓഫ് പേഴ്സണ്‍സ് വിത്ത് ഡിസെബിലിറ്റീസിന് കീഴിലുള്ള രാജ്യത്തെ 9 നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നുള്ള കുട്ടികളും പങ്കെടുക്കും.മാജിക്, നൃത്തം, സംഗീതം, ഉപകരണസംഗീതം, ചിത്രരചന തുടങ്ങിയ വിഭാഗങ്ങളിലാണ് കുട്ടികള്‍ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നത്. കൂടാതെ ഭിന്നശേഷി മേഖലയില്‍ കഴിവ് തെളിയിച്ച പ്രഗല്‍ഭരായ വ്യക്തികളുടെ കലാപ്രകടനങ്ങളും അരങ്ങേറും. കലാപ്രദര്‍ശനങ്ങള്‍ക്ക് പുറമെ ഭിന്നശേഷി സമൂഹത്തിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്‌കരിച്ചിട്ടുള്ള വിവിധ പദ്ധതികളെക്കുറിച്ച് ബോധ്യപ്പെടുത്തുന്ന വിഭാഗങ്ങള്‍, ഭിന്നശേഷിക്കാരുടെ പരിപാലനവുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസുകള്‍, സെമിനാറുകള്‍, പ്രദര്‍ശനങ്ങള്‍ എന്നിവയും സംഘടിപ്പിക്കും.

Leave A Comment