പണമിടപാടുകളുമായി ബന്ധപ്പെട്ട സേവനങ്ങൾ സമ്പൂർണ്ണമായി ഡിജിറ്റലാക്കാൻ ഒരുങ്ങി ബഹ്റൈൻ ഇന്ത്യൻ എംബസി. ഇതുമായി ബന്ധപ്പെട്ട് ഐസിഐസിഐ ബാങ്ക്, സദാദ് ഇലക്ട്രോണിക് പേയ്മെൻ്റ് സിസ്റ്റം ബിഎസ്സി എന്നിവയുമായി സഹകരിച്ച് ബഹ്റൈനിലെ ഇന്ത്യൻ എംബസി ഡിജിറ്റൽ ഫീസ് കളക്ഷൻ ഉപകരണമായ കിയോസ്ക് സ്ഥാപിച്ചു. എംബസി പരിസരത്ത് സ്ഥാപിച്ചിരിക്കുന്ന സ്വയം സേവന ടച്ച്-സ്ക്രീൻ ആയ കിയോസ്ക് വഴി ബഹ്റൈനിൽ താമസിക്കുന്ന ഇന്ത്യക്കാർക്കും മറ്റുള്ളവർക്കും പാസ്പോർട്ട് പുതുക്കൽ, യോഗ്യത വിവരങ്ങൾ സാക്ഷ്യപ്പെടുത്തൽ, വിവാഹ രജിസ്ട്രേഷൻ, ജനന രജിസ്ട്രേഷൻ എന്നിവയുൾപ്പെടെയുള്ള വിവിധ സേവനങ്ങൾക്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ മുഖേന പണമടയ്ക്കാൻ കഴിയും. ഐസിഐസിഐ ബാങ്ക് വെസ്റ്റ് ഏഷ്യ ആൻഡ് ആഫ്രിക്ക റീജിയണൽ ഹെഡ് അനിൽ ദാബ്കെ, സദാദ് ഇലക്ട്രോണിക് പേയ്മെൻ്റ് സിസ്റ്റം ബിഎസ്സി സിഇഒ ഡോ. റിഫത്ത് മുഹമ്മദ് കാഷിഫ് എന്നിവരുടെ സാന്നിധ്യത്തിൽ ഇന്ത്യൻ അംബാസിഡർ ഹിസ് എക്സലൻസി വിനോദ് ജേക്കബ് കിയോസ്ക് ഉത്ഘാടനം ചെയ്തു. കിയോസ്ക് ഇന്ത്യൻ എംബസിയിൽ ആരംഭിച്ചതിൽ അതിയായ സന്തോഷമുണ്ട് എന്നും വിവിധ സേവനങ്ങൾക്കായി എംബസി സന്ദർശിക്കുന്നവർക്ക് ഈ പദ്ധതി സൗകര്യപ്രദമായിരിക്കുമെന്നും അംബാസിഡർ പറഞ്ഞു. എല്ലാ ഇടപാടുകളും സേവനങ്ങളും ഡിജിറ്റലാക്കുന്ന ഈ സംരംഭം യാഥാർത്ഥ്യമാക്കുന്നതിൽ ഐസിഐസിഐ ബാങ്കിനും സദാദിനും അദ്ദേഹം നന്ദി അറിയിച്ചു.
എംബസിയിൽ കിയോസ്ക് സ്ഥാപിക്കാൻ കഴിഞ്ഞതിൽ സന്തുഷ്ടരാണെന്നും എല്ലാ പിന്തുണയും നൽകുന്നതിൽ സദാദിനും നന്ദി രേഖപ്പെടുത്തുവെന്നും, ഇന്ത്യാ ഗവൺമെൻ്റുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ടെന്നും, ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുന്നതിനായി പേയ്മെൻ്റ് മേഖലയിൽ പുതിയ സാങ്കേതികവിദ്യകളും ആശയങ്ങളും നവീകരിക്കുന്നതും അവതരിപ്പിക്കുന്നതും തുടരുമെന്നും അനിൽ ദാബ്കെ, ഡോ. റിഫത്ത് മുഹമ്മദ് കാഷിഫ് എന്നിവർ പറഞ്ഞു.