വീണ്ടും ഞെട്ടിച്ച് കോൺഗ്രസ്; അനിൽ അക്കര പഞ്ചായത്തിൽ സ്ഥാനാർഥി

  • Home-FINAL
  • Kerala
  • വീണ്ടും ഞെട്ടിച്ച് കോൺഗ്രസ്; അനിൽ അക്കര പഞ്ചായത്തിൽ സ്ഥാനാർഥി

വീണ്ടും ഞെട്ടിച്ച് കോൺഗ്രസ്; അനിൽ അക്കര പഞ്ചായത്തിൽ സ്ഥാനാർഥി


തൃശൂർ: പ്രമുഖരെ തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കുന്ന യുഡിഎഫ് തന്ത്രം തുടരുന്നു. മുൻ എം.എൽ. എ കെ.എസ് ശബരീനാഥന് പുറമെ മുൻ എം.എൽ.എ അനിൽ അക്കരയെയാണ് കോൺഗ്രസ് കളത്തിലിറക്കിയിരിക്കുന്നത്.സ്വന്തം തട്ടകമായ അടാട്ട് പഞ്ചായത്തിലെ 15-ാം വാർഡിലാണ് അനിൽ ജനവിധി തേടുന്നത്. മണ്ഡലം ഉപസമിതി ചേർന്നാണ് അനിൽ അക്കരയുടെ പേര് ശിപാർശ ചെയ്തത്.
വടക്കാഞ്ചേരി മുൻ എം.എൽ.എയായ അനിൽ അക്കര 2003 മുതൽ 2010 വരെ അടാട്ട് പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു. അനിലിന്‍റെ ഭരണകാലത്ത് മികച്ച പഞ്ചായത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
2000ത്തിലാണ് അനിൽ പഞ്ചായത്തിൽ കന്നിയങ്കത്തിനിറങ്ങുന്നത്. കന്നിയങ്കത്തിൽ അടാട്ടിലെ ഏഴാം വാർഡിൽനിന്നും 400 വോട്ടുകൾക്ക് വിജയിച്ചു. 2005ൽ 11-ാം വാർഡിൽനിന്ന് 285 വോട്ടുകൾക്ക് വിജയിച്ചു. 2010ൽ ജില്ലാ പഞ്ചായത്തിലേക്ക് കളം മാറ്റിയ അനിൽ 14000 വോട്ടുകൾക്കാണ് വിജയിച്ചത്.
2016ലാണ് നിയമസഭയിലേക്ക് ജനവിധി തേടിയത്. 46 വോട്ടുകൾക്കായിരുന്നു ജയം. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 15,000 വോട്ടുകൾ തോറ്റതോടെ അനിൽ ഇനി നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. സ്ഥാനാർഥി നിർണയത്തിലെ മേൽക്കൈ ഗുണം ചെയ്യുമെന്ന വിശ്വാസത്തിലാണ് കോൺഗ്രസ്.

Leave A Comment