വാഷിംഗ്ടൺ: ഇറാന്റെ ഊർജ്ജ നിലയങ്ങൾക്ക് നേരെ നടത്താനിരുന്ന ശക്തമായ ആക്രമണങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു. ഇറാൻ സർക്കാരിന്റെ അഭ്യർത്ഥന മാനിച്ചാണ് ഈ തീരുമാനമെന്നും ചർച്ചകൾ ശരിയായ ദിശയിലാണ് മുന്നോട്ടുപോകുന്നതെന്നും ട്രംപ് വ്യക്തമാക്കി. ഏപ്രിൽ 6-ാം തീയതി വരെയാണ് ഈ താൽക്കാലിക വെടിനിർത്തൽ (Pause) പ്രഖ്യാപിച്ചിരിക്കുന്നത്.
ട്രംപിന്റെ പ്രഖ്യാപനം
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ട്രംപ് ഈ വിവരം പുറത്തുവിട്ടത്. ‘ഇറാൻ സർക്കാരിന്റെ അഭ്യർത്ഥന പ്രകാരം, ഊർജ്ജ നിലയങ്ങൾ നശിപ്പിക്കാനുള്ള നീക്കം പത്ത് ദിവസത്തേക്ക്, അതായത് 2026 ഏപ്രിൽ 6 തിങ്കളാഴ്ച രാത്രി 8 മണി വരെ ഞാൻ നിർത്തിവെക്കുകയാണ്. ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നു, ചില മാധ്യമങ്ങൾ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നുണ്ടെങ്കിലും ചർച്ചകൾ വളരെ നന്നായി തന്നെയാണ് മുന്നോട്ടുപോകുന്നത്,’ ട്രംപ് കുറിച്ചു.
കഴിഞ്ഞ മാസം (ഫെബ്രുവരി 28) അമേരിക്കയും ഇസ്രായേലും ഇറാനെതിരെ സംയുക്തമായി ആക്രമണം ആരംഭിച്ചതോടെയാണ് മേഖലയിൽ യുദ്ധസമാനമായ സാഹചര്യം ഉടലെടുത്തത്. ലോകത്തിലെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് റാൻ തടഞ്ഞതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ഇത് തുറന്നുകൊടുത്തില്ലെങ്കിൽ ഇറാന്റെ ഊർജ്ജ നിലയങ്ങൾ തകർക്കുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
യുദ്ധം അവസാനിപ്പിക്കുന്നതിനായി പാകിസ്ഥാൻ വഴി 15 ഇന സമാധാന നിർദ്ദേശങ്ങൾ അമേരിക്ക ഇറാന് കൈമാറിയിട്ടുണ്ട്. എന്നാൽ ഈ നിർദ്ദേശങ്ങൾ അമേരിക്കയ്ക്കും ഇസ്രായേലിനും മാത്രം ഗുണകരമാണെന്നും തങ്ങൾക്ക് അനീതിയുള്ളതാണെന്നും പറഞ്ഞ് ഇറാൻ ഇത് തള്ളിക്കളഞ്ഞതായി റിപ്പോർട്ടുകളുണ്ട്. എങ്കിലും നയതന്ത്ര ചർച്ചകൾ പൂർണ്ണമായും അവസാനിച്ചിട്ടില്ലെന്ന് ഇറാൻ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

