ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഡിഎംകെ പ്രകടന പത്രിക പുറത്തിറക്കി. സ്ത്രീകൾക്കും വിദ്യാർഥികൾക്കും വാഗ്ദാന പെരുമഴയുമായാണ് പ്രകടന പത്രിക സ്റ്റാലിൻ പുറത്തിറക്കിയത്. വിദ്യാർഥികൾക്കുള്ള പ്രഭാത ഭക്ഷണ പദ്ധതി എട്ടാം ക്ലാസ് വരെ വ്യാപിപ്പിക്കും. സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപയും കർഷകർക്ക് സൗജന്യ വൈദ്യുതി എന്നിവയാണ് പ്രധാന വാഗ്ദാനങ്ങൾ. പ്രായമായവർക്കുള്ള പെൻഷൻ 2000 രൂപയാക്കും. ഭിന്നശേഷിക്കാർക്കുള്ള തുക 2000 രൂപയാക്കും. ട്രോളിംഗ് നിരോധന സമയത്തെ സഹായ തുക 9000 രൂപയാക്കും.
നെൽ കർഷകർക്കുള്ള ധനസഹായം വർധിപ്പിക്കുമെന്നും സർക്കാർ സ്ഥാപനങ്ങളിലെ ഒഴിവുകളിൽ വേഗത്തിൽ നിയമനം നടത്തുമെന്നും പ്രകടന പത്രികയിൽ പറയുന്നു. എല്ലാ ജില്ലകളിലും സ്റ്റേഡിയങ്ങൾ നിർമിക്കും. ഗ്രാമങ്ങളിൽ 15000 കിലോമീറ്റർ റോഡ് നിർമിക്കും. അടുത്ത അഞ്ച് വർഷത്തിൽ 10000 പുതിയ ബസുകൾ നിരത്തിലിറക്കും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂർണമായും ഡിജിറ്റലൈസ് ചെയ്യും.
സ്ത്രീകൾക്ക് ഇലക്ട്രിക് വീട്ടുപകരണങ്ങൾ വാങ്ങുന്നതിന് പ്രത്യേക പദ്ധതി. പഴയ വാഹനം മാറ്റി വാങ്ങുന്നതിനും പദ്ധതിയിലൂടെ സാധിക്കും. വീട്ടുപകരണങ്ങൾ വാങ്ങുന്നതിന് 8000 രൂപയുടെ കൂപ്പൺ നൽകും. ബിപിഎൽ കുടുംബങ്ങളെ കണ്ടെത്തി അവർക്ക് ഭവന വായ്പാ സഹായങ്ങൾ നൽകും.

