കണ്ണൂർ: സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ വ്യാജ ഐഡൻറിറ്റി കാർഡ് നിർമിക്കുന്നുവെന്ന കോൺഗ്രസ് ആരോപണത്തിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. വ്യാജ ഐഡി കാർഡ് നിർമിച്ച് പരിചയമുള്ളത് രാഹുൽ മാങ്കൂട്ടത്തിലിനാണ്. സ്വന്തം സംഘടനയിൽ സ്ഥാനം കിട്ടാൻ വേണ്ടിയാണ് വ്യാജ ഐഡി കാർഡ് ഉണ്ടാക്കിയത്. അങ്ങനെയുള്ള കോൺഗ്രസുകാർ ഞങ്ങൾക്കെതിരെ ആക്ഷേപം ഉന്നയിക്കേണ്ടെന്നും രാഗേഷ് പറഞ്ഞു. തെളിവുണ്ടോ എന്ന് വി.കുഞ്ഞിക്കൃഷ്ണനോട് ചോദിച്ചപ്പോൾ ഇല്ലെന്നാണ് കുഞ്ഞിക്കൃഷ്ണൻ പറഞ്ഞത്. പാർട്ടിക്ക് എതിരായി പറയാൻ അവസരമുണ്ടാക്കുകയാണ് കുഞ്ഞിക്കൃഷ്ണൻ ചെയ്യുന്നത്. നുണ പ്രചാരണം നടത്തി പാർട്ടിയെ അപകീർത്തിപ്പെടുത്താൻ വന്നാൽ പാർട്ടി അത് വച്ചുപൊറുപ്പിക്കില്ല.
യാതൊരു അടിസ്ഥാനവുമില്ലാതെയാണ് എതിർ പാർട്ടിക്കാർ ഇത്തരം വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നത്. ഇതിനെതിരെ വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. പയ്യന്നൂരിൻറെ മണ്ണ് നുണപ്രചാരകരെ തള്ളുമെന്നും രാഗേഷ് പറഞ്ഞു.

