തിരുവനന്തപുരം: 102 സീറ്റുകൾ നേടി അത്യുജ്വല വിജയം നേടിയ യുഡിഎഫിന് ഇനിയുള്ള കടമ്പ സർക്കാർ രൂപവത്കരണം. മുഖ്യമന്ത്രി വി.ഡി സതീശനാകും എന്ന് കരുതപ്പെടുന്നുണ്ടെങ്കിലും കൂടുതൽ എം എൽ എ മാരുടെ പിന്തുണ കെ.സി വേണുഗോപാലിനാണെന്നത് രാഷ്ട്രീയ രംഗത്ത് ചർച്ചയാണ്.
കോൺഗ്രസിൽനിന്ന് മുഖ്യമന്ത്രി അടക്കം 12 മന്ത്രിമാരുണ്ടായേക്കും. ലീഗിന് അഞ്ച് മന്ത്രിമാർ. കേരള കോൺഗ്രസിന് ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും ലഭിച്ചേക്കും. ആർഎസ്പിയിൽനിന്ന് ഷിബു ബേബി ജോണും, കേരള കോൺഗ്രസ് ജേക്കബ് പ്രതിനിധിയായി അനൂപ് ജേക്കബും സിഎംപിയുടെ പ്രതിനിധിയായി സി.പി ജോണും മന്ത്രിമാരാകുമെന്നാണ് കരുതുന്നത്. മാണി.സി കാപ്പനും കെ.കെ രമയ്ക്കും അസോസിയേറ്റ് അംഗങ്ങളെന്ന നിലയിൽ രണ്ടരവർഷം വീതം മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടേക്കാം.
വി.ഡി. സതീശൻ മുഖ്യമന്ത്രിയാകാനാണ് സാധ്യതയേറെ. അങ്ങനെ വന്നാൽ രമേശ് ചെന്നിത്തലക്ക് എന്ത് സ്ഥാനം കൊടുക്കുമെന്നതാണ് പ്രശ്നം.
കോൺഗ്രസിൽനിന്ന് കെ.മുരളീധരൻ, പി.സി. വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എം. ലിജു എന്നിവർ സാമുദായിക പ്രാതിനിധ്യം കണക്കിലെടുക്കുമ്പോൾ മന്ത്രിമാരാകാനാണ് സാധ്യത. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് മന്ത്രിസഭയിലേക്ക് എത്തുകയാണെങ്കിൽ ബെന്നി ബെഹനാൻ പാർട്ടി അധ്യക്ഷ പദവിയിലേക്ക് വരാം.
എ.പി അനിൽകുമാർ, വി.പി. സജീന്ദ്രൻ, ഐ.സി. ബാലകൃഷ്ണൻ ഇവരിൽ ഒരാൾ മന്ത്രിയാകും. എ.പി അനിൽകുമാറിനാണ് സാധ്യതയേറെ. അൻവർ സാദത്ത്, ഷാനിമോൾ ഉസ്മാൻ, ടി. സിദ്ദിഖ് ഇവരിൽ ഒരാൾ മന്ത്രിയാകാൻ സാധ്യതയുണ്ട്.

