പടനായകൻ തന്നെ ഇനി കേരളത്തെ നയിക്കും, പല’യുദ്ധ’ങ്ങൾക്കൊ‌ടുവിൽ വി.ഡി. സതീശൻ

  • Home-FINAL
  • Kerala
  • പടനായകൻ തന്നെ ഇനി കേരളത്തെ നയിക്കും, പല’യുദ്ധ’ങ്ങൾക്കൊ‌ടുവിൽ വി.ഡി. സതീശൻ

പടനായകൻ തന്നെ ഇനി കേരളത്തെ നയിക്കും, പല’യുദ്ധ’ങ്ങൾക്കൊ‌ടുവിൽ വി.ഡി. സതീശൻ


തിരുവനന്തപുരം: തിരഞ്ഞെടുപ്പ് യുദ്ധത്തിൽ ഒട്ടും പതറാതെ പോരാടിയ പടനായകൻ തന്നെ ഇനിയങ്ങോട്ട് കേരളത്തെ നയിക്കും. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞ് പത്താം ദിനം അങ്ങനെ ആ പ്രഖ്യാപനമെത്തി. വി.ഡി. സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രി. മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തലയേയും കെ.സി. വേണുഗോപാലിനെയും മറികടന്ന് വി.ഡി. സതീശനെന്ന ഒറ്റപ്പേരിൽ കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വമെത്തിയത്‌ ജനവികാരം മാനിച്ചാണ്‌. . എംഎൽഎമാരുടെ ഭൂരിപക്ഷവും ഗ്രൂപ്പ് സമവാക്യങ്ങളും സീനിയോറിറ്റി പരിഗണനകൾക്കുമെല്ലാമപ്പുറം പൊതുവികാരം വി.ഡി.ക്കാണെന്നും അത് കാണാതിരിക്കാനാവില്ലെന്നും എഐസിസി വ്യക്തമാക്കി. മുതിർന്ന നേതാക്കൾ ദിവസങ്ങളോളം നടത്തിയ കൂടിക്കാഴ്ചകൾക്ക് ശേഷമാണ് തീരുമാനം. എംഎൽഎമാരുടെ വലിയ പിന്തുണ കെ.സിക്ക് ഉണ്ടെങ്കിലും അത് മാത്രം മാനദണ്ഡമാക്കി മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനാവില്ലെന്ന വിലയിരുത്തലിൽ നേതൃത്വം എത്തി. അങ്ങനെ ഉമ്മൻ ചാണ്ടിക്ക് ശേഷം കോൺഗ്രസ് മുഖ്യമന്ത്രിയായി വി.ഡി. സതീശൻ എത്തുന്നു. വി.ഡി. സതീശന് ലഭിച്ച അംഗീകാരം കൂടി പരിഗണിച്ചാണ്‌ അന്തിമ തീരുമാനം. കഴിഞ്ഞ അഞ്ച് വർഷം സതീശൻ നടത്തിയ പ്രവർത്തനങ്ങളുടെ ഫലമാണ് യുഡിഎഫിനുണ്ടായ വൻ വിജയം. വിവാദങ്ങൾ പ്രതിപക്ഷത്തിന് നേരെയും ഉയർന്നെങ്കിലും ശക്തമായ നിലപാടെടുത്ത് മുന്നോട്ടുപോകാൻ സതീശന് സാധിച്ചു. സർക്കാരിനെതിരേ ഉയർന്നുവന്ന വിഷയങ്ങൾ ജനങ്ങൾക്ക് മുന്നിൽ എണ്ണ‌ിയെണ്ണ‌ി അവതരിപ്പിച്ചു. സ്ഥാനാർഥിനിർണയംമുതൽ പ്രചാരണരീതിവരെ മാറ്റം കൊണ്ടുവരാൻ ശ്രമിച്ചതാണ് യുഡിഎഫ് രാഷ്ട്രീയത്തിൽ സതീശനുണ്ടാക്കിയ മാറ്റം. രാഹുൽ മാങ്കൂട്ടത്തിലിനെതിരേ പരാതിയുയർന്നപ്പോൾത്തന്നെ സംരക്ഷിക്കാനില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. നിലപാടുകളിൽ വിട്ടുവീഴ്ചകളില്ലാതെയാണ് സതീശൻ അക്ഷരാർത്ഥത്തിൽ മുന്നിട്ടിറങ്ങിയത്‌.

തങ്ങൾ ടീം യുഡിഎഫാണെന്ന് ആവർത്തിച്ച സതീശൻ യുഡിഎഫിനെ അധികാരത്തിലേക്ക് തിരിച്ചു കൊണ്ടുവരാനായില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന പ്രഖ്യാപനം വരെ നടത്തി. തിരഞ്ഞെടുപ്പിൽ തോറ്റാൽ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന് പറഞ്ഞത് ഒരു തവണയല്ല, പലയാവർത്തി അത് കേട്ടു. യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടുമെന്നും ഒരു ഡസനോളം മന്ത്രിമാർ പരാജയപ്പെടുമെന്നും സതീശൻ പ്രഖ്യാപിച്ചു. മാത്രമല്ല, തിരഞ്ഞെടുപ്പ് വേളയിൽ മുഖ്യമന്ത്രി പിണറായി വിജയനെ പരസ്യ സംവാദത്തിന് വെല്ലുവിളിക്കാനും അദ്ദേഹം മ‌ടിച്ചില്ല. അഞ്ച് വർഷങ്ങൾക്ക് മുൻപ് ചെന്നിത്തലയ്ക്ക് പകരം പ്രതിപക്ഷ നേതാവായി സതീശൻ എത്തിയതുതന്നെ കോൺഗ്രസ് നേതൃത്വത്തിൽ തലമുറമാറ്റത്തിന് നാന്ദികുറിച്ചായിരുന്നു. കോൺഗ്രസിലെ എ, ഐ ഗ്രൂപ്പ് നേതൃത്വം സംയുക്തമായി രമേശ് ചെന്നിത്തലയുടെ പേര് നിർദേശിച്ചിട്ടും രണ്ടാംനിരയിലേക്ക് അധികാരം കൈമാറണമെന്ന നിലപാടിൽ ഹൈക്കമാൻഡ് ഉറച്ചുനിൽക്കുകയായിരുന്നു. ഗ്രൂപ്പുകളുടെ നിർദേശം മറികടന്ന് യുവ എം.എൽ.എ.മാരിലധികവും സതീശനെ പിന്തുണച്ചത് തീരുമാനമെടുക്കാൻ ഹൈക്കമാൻഡിന് ധൈര്യം പകർന്നു. അങ്ങനെയാണ് സതീശൻ തകർന്നടിഞ്ഞ യുഡിഎഫിനെ കരകയറ്റാനെത്തുന്നത്.

സി.പി.എമ്മും സി.പി.ഐ.യും ഉൾപ്പെടുന്ന കമ്യൂണിസ്റ്റ് പാർട്ടികൾക്കു മാത്രം ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടായിരുന്ന പിണറായി സർക്കാരിനെതിരേയാണ് 41 എംഎൽമാർ മാത്രമുള്ള യുഡിഎഫിനെ നയിക്കാൻ സതീശനിറങ്ങുന്നത്. ആദ്യഘട്ടത്തിൽ പലകോണുകളിൽ നിന്നും എതിർശബ്ദമുണ്ടായി. എന്നാൽ മുൻനിര നേതാക്കളെക്കൂടി ചേർത്തുനിർത്തിക്കൊണ്ടാണ് സതീശൻ യുദ്ധത്തിൽ പൊരുതാനിറങ്ങിയത്. ഐ. ഗ്രൂപ്പിന്റെ നേതാവായ ചെന്നിത്തലയ്ക്കു പകരമാണ് അതേ ഗ്രൂപ്പിലായിരുന്ന സതീശൻ എത്തുന്നത്. കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളെ മാറ്റിമറിച്ച സതീശന് ഗ്രൂപ്പിനതീതമായി യുവനേതാക്കളുടെ പിന്തുണയും കിട്ടി. ജനാധിപത്യത്തിലെ ദൈവമാണ് ജനങ്ങളെന്ന്‌ പറഞ്ഞായിരുന്നു വി.ഡി. സതീശൻ പ്രതിപക്ഷ നേതാവ്‌ സ്ഥാനമേറ്റെടുത്തത്. അവരെ നിരാശപ്പെടുത്തുന്ന ഒന്നും ഉണ്ടാവില്ലെന്ന് ഉറപ്പാക്കും. ഉറച്ച ജനവിധിയുടെ അടിസ്ഥാനത്തിൽ ഭരണമേൽക്കുന്ന സർക്കാരിനെ വെറുതേ വെല്ലുവിളിക്കുകയല്ല പ്രതിപക്ഷത്തിന്റെ ദൗത്യം. എല്ലാ നല്ലകാര്യങ്ങൾക്കും നിരുപാധിക പിന്തുണ ഉണ്ടാവുമെന്നും സതീശൻ അന്ന് പറഞ്ഞു. പിന്നീടങ്ങോട്ട് നിയമസഭയ്ക്ക് അകത്തും പുറത്തും സതീശൻ പ്രതിപക്ഷത്തിന്റെ ഊർജ്ജമായി. സർക്കാരിന്റെ നല്ല പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുകയും വിവാദവിഷയങ്ങളിൽ ആഞ്ഞടിക്കുകയും ചെയ്താണ് സതീശന്റെ നേതൃത്വത്തിൽ യുഡിഎഫ് മുന്നോട്ടുപോയത്.

നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാതെയും വസ്തുതകൾ അണിനിരത്തിക്കൊണ്ട് സംവാദം നടത്തുന്നതുമാണ് സതീശന്റെ രീതി. അതിന് പലതവണ കേരള രാഷ്ട്രീയം സാക്ഷ്യം വഹിച്ചതുമാണ്. കോൺഗ്രസിന്റെ ആശയങ്ങൾ നെഞ്ചേറ്റിക്കൊണ്ട് വിയോജിപ്പുള്ളിടത്ത് അത് കൃത്യമായി തുറന്നുപറഞ്ഞ് എതിരാളികളുമായി പോരാടാൻ അപാരമായ കരുത്തുണ്ടായിരുന്നു വി.ഡി.എസ്സിന്. അതേസമയം മുന്നണിയിലെ എല്ലാവരെയും ഒപ്പം നിർത്താനും മറന്നില്ല. പ്രതിപക്ഷ മുന്നണിയിലെ എല്ലാ ഘടകകക്ഷികളെയും ഒരുമിച്ച് കൊണ്ടുപോകാൻ അസാധ്യമായ നേതൃപാടവം പുലർത്തി. ഗ്രൂപ്പുകൾ വഴിതെറ്റിച്ച കോൺഗ്രസിനെയും മുന്നണിയെയും ടീം യുഡിഎഫാക്കി കോർത്തിണക്കുന്നതും മറ്റാരുമല്ല. അങ്ങനെ ജനങ്ങളുടെ വിഷയങ്ങൾ ഏറ്റെടുത്ത രാഷ്ട്രീയ യാത്ര. വിദ്യാർഥി രാഷ്ട്രീയം മുതൽ അത് അങ്ങനെയായിരുന്നു. തേവര എസ് എച്ച് കോളേജിലെ ഡിഗ്രി പഠനകാലത്ത് യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറായും ചെയർമാനായും തിളങ്ങിയ സതീശൻ കെ.പി.സി.സി. ഉപാധ്യക്ഷൻ, എ.ഐ.സി.സി. സെക്രട്ടറി, പാർലമെന്ററി പാർട്ടി ചീഫ് വിപ്പ് തുടങ്ങി ഒട്ടേറെ ചുമതലകൾ വഹിച്ചു.
1996 ലാണ് സതീശൻ ആദ്യമായി പറവൂരിൽ നിന്ന് ജനവിധി തേടുന്നത്. തുടക്കം പക്ഷേ തോൽവിയോടെയായിരുന്നു. അന്ന് സിപിഐയിലെ പി. രാജുവിനോട് 1116 വോട്ടുകൾക്കാണ് തോറ്റത്. അഞ്ചുവർഷത്തിനിപ്പുറം പി. രാജുവിനെ തന്നെ തറപറ്റിച്ച് സതീശൻ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടു. 7434 വോട്ടുകൾക്കാണ് ജയം. സിപിഐയുടെ കോട്ടയായി കണക്കാക്കപ്പെട്ട മണ്ഡലം പിന്നീട് സതീശനിൽ നിന്ന് തിരിച്ചുപിടിക്കാൻ ആർക്കും സാധിച്ചില്ലെന്നത് ചരിത്രം. 2011 ൽ സിപിഐയുടെ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രനും 2016 ൽ ശാരദ മോഹനും സതീശനെ നേരിട്ടെങ്കിലും പരാജയമായിരുന്നു ഫലം. ഓരോ തവണയും സതീശൻ ഭൂരിപക്ഷം ഉയർത്തി. 2021 ൽ എം.ടി. നിക്‌സണെയും ഇക്കുറി ടൈസൺ മാസ്റ്ററെയും വീഴ്ത്തി സതീശൻ പറവൂർ തന്റെ സ്വന്തം കോട്ടയാണെന്ന് തെളിയിച്ചു.

Leave A Comment