തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാറിലെ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായപ്പോൾ ഫിഷറീസ് ലീഗിന് ലഭിച്ചു. വി.ഇ. അബ്ദുൽ ഗഫൂറാണാ ഫിഷറീസ് വകുപ്പ് മന്ത്രി.റോജി എം. ജോണിന് ഉന്നത വിദ്യാഭ്യാസ വകുപ്പും എം. ലിജുവിന് എക്സൈസിനൊപ്പം സഹകരണ വകുപ്പും ലഭിച്ചു. കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫിന് നിശ്ചയിച്ചിരുന്ന റവന്യൂ വകുപ്പ് എ.പി. അനിൽകുമാറിന് നൽകി. സണ്ണി ജോസഫിന് വൈദ്യുതി നൽകി. ആരോഗ്യവകുപ്പും ദേവസ്വവും കെ. മുരളീധരൻ കൈകാര്യം ചെയ്യും. ഒ.ജെ ജനീഷ് യുവജന ക്ഷേമവും പി.കെ കുഞ്ഞാലിക്കുട്ടിക്ക് ഐ.ടി, വ്യവസായ വകുപ്പുമാണ്. മുഖ്യമന്ത്രി ധനവകുപ്പിന് പുറമെ നിയമം തുറമുഖം, പൊതുഭരണം എന്നിവ കൈകാര്യം ചെയ്യും. ആഭ്യന്തരവും വിജിലൻസും രമേശ് ചെന്നിത്തല കൈകാര്യം ചെയ്യും.
പി.സി. വിഷ്ണുനാഥിന് ടൂറിസം, സാംസ്കാരികം, സിനിമ വകുപ്പുകളാണ് നൽകിയത്. ബിന്ദു കൃഷ്ണ തൊഴിൽ വകുപ്പ് കൈകാര്യം ചെയ്യും. പൊതുവിദ്യാഭ്യാസം, ഹജ്ജ് എന്നിവ അഡ്വ. എൻ. ഷംസുദ്ദീൻ കൈകാര്യം ചെയ്യും. പൊതുമരാമത്ത് പി.കെ. ബഷീറിനും തദ്ദേശ വകുപ്പ് കെ.എം. ഷാജിക്കുമാണ്. ടി. സിദ്ദിഖ് കൃഷി വകുപ്പും കെ.എ. തുളസി പട്ടിക ജാതി, പട്ടിക വർഗ പിന്നാക്ക ക്ഷേമ വകുപ്പും കൈകാര്യം ചെയ്യും. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് അനൂപ് ജോസഫ് കൈകാര്യം ചെയ്യും. ഷിബു ബേബി ജോണിന് വനം വകുപ്പും മോൻസ് ജോസഫിന് ജലസേചന വകുപ്പും ആണ് നൽകിയിരിക്കുന്നത്. സത്യപ്രതിജ്ഞ ചെയ്ത് മൂന്നാംദിവസമാണ് വകുപ്പുകളിൽ തീരുമാനമായത്.
മന്ത്രിമാരും വകുപ്പുകളും
വി.ഡി. സതീശന് -ധനം, നിയമം, തുറമുഖം, വിമാനത്താവളം, മെട്രോ റെയില്‍
രമേശ് ചെന്നിത്തല – ആഭ്യന്തരം, വിജിലന്‍സ്, ജയില്‍, ഫയര്‍ ആന്‍ഡ് റസ്ക്യൂ
കെ. മുരളീധരന് – ആരോഗ്യം, ദേവസ്വം
എ.പി. അനില്‍കുമാര്‍ – റവന്യൂ
സണ്ണി ജോസഫ് – വൈദ്യുതി, പരിസ്ഥിതി, പാര്‍ലമെന്ററികാര്യം
ബിന്ദു കൃഷ്ണ – തൊഴില്‍, വനിതാ ശിശുക്ഷേമം
എം. ലിജു – സഹകരണം, എക്സൈസ്
പി.സി. വിഷ്ണുനാഥ് – ടൂറിസം, സാംസ്കാരികം, സിനിമ
ടി. സിദ്ദിഖ് – കൃഷി, വെയര്‍ഹൗസിങ് കോര്പറേഷന്
റോജി എം. ജോണ്‍ – ഉന്നതവിദ്യാഭ്യാസം
ഒ.ജെ. ജനീഷ് – കായികം, യുവജനക്ഷേമം, രജിസ്ട്രേഷന്
കെ.എ. തുളസി – പിന്നാക്ക ക്ഷേമം
പി.കെ. കുഞ്ഞാലിക്കുട്ടി – വ്യവസായം, ഐ.ടി
വി.ഇ. അബ്ദുൽ ഗഫൂര്‍ – ഫിഷറീസ്, സാമൂഹികക്ഷേമം
പി.കെ. ബഷീര്‍ – പൊതുമരാമത്ത്
കെ.എം. ഷാജി – തദ്ദേശഭരണം
എന്‍. ഷംസുദീന്‍ – പൊതുവിദ്യാഭ്യാസം, ന്യൂനപക്ഷ വികസനം
മോന്‍സ് ജോസഫ് – ജലവിഭവം, ഭവനനിര്‍മാണം
ഷിബു ബേബി ജോണ്‍ – വനം, നൈപുണ്യവികസനം
സി.പി. ജോണ്‍ – ഗതാഗതം
അനൂപ് ജേക്കബ് – ഭക്ഷ്യം സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി

