ഫോൺ ഉപയോഗം വിലക്കിയതിൽ മനോവിഷമം: പത്താം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി

തിരുവനന്തപുരം: മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് മാതാപിതാക്കൾ വിലക്കിയതിനെത്തുടർന്നുണ്ടായ മനോവിഷമത്തിൽ പത്താം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി. കുറ്റിച്ചൽ അരികിൽ സ്വദേശിയും കാട്ടാക്കട പി.ആർ. വില്യം സ്‌കൂളിലെ വിദ്യാർഥിയുമായ വൈകാശിനെയാണ് കിടപ്പുമുറിയിൽ ഷാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണമെന്ന് അധ്യാപകർ നിർദേശിച്ചതിനെത്തുടർന്നാണ് രക്ഷിതാക്കൾ കുട്ടിയുടെ ഫോൺ ഉപയോഗം നിയന്ത്രിക്കാൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം വൈകാശിന്റെ സ്‌കൂളിലും ട്യൂഷൻ സെന്ററിലും മാതാപിതാക്കൾ എത്തിയിരുന്നു. പത്താം ക്ലാസിലായതിനാൽ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കണമെന്ന് അധ്യാപകർ മാതാപിതാക്കളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, സ്‌കൂൾ വിട്ട് വീട്ടിലെത്തിയ വൈകാശ് ഫോൺ ആവശ്യപ്പെട്ടപ്പോൾ മാതാപിതാക്കൾ നൽകാൻ വിസമ്മതിക്കുകയും തുടർന്ന് ഇവർ തമ്മിൽ തർക്കമുണ്ടാവുകയും ചെയ്തു.

പിണക്കത്തെത്തുടർന്ന് രാത്രി 9.30ഓടെ മുറിയിൽ കയറി വാതിലടച്ച വൈകാശിനെ 10.45 ആയിട്ടും പുറത്തു കാണാതായതോടെ മാതാപിതാക്കൾ വാതിലിൽ തട്ടിവിളിച്ചു. എന്നാൽ പ്രതികരണമൊന്നുമില്ലാത്തതിനെ തുടർന്ന് ജനലിലൂടെ നോക്കിയപ്പോഴാണ് ഷാളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ അയൽവാസികളുടെ സഹായത്തോടെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന് കുട്ടിയെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ അതിജീവിക്കാൻ ശ്രമിക്കുക, വിദഗ്ധരുടെ സഹായം തേടുക.

  • സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക ഹെൽപ്‌ലൈൻ നമ്പറുകൾ: 1056, 0471-2552056

Leave A Comment