മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ്; നടൻ സൗബിൻ ഷാഹിറിനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

  • Home-FINAL
  • Business & Strategy
  • മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ്; നടൻ സൗബിൻ ഷാഹിറിനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ്; നടൻ സൗബിൻ ഷാഹിറിനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു


കൊച്ചി: ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച ‘മഞ്ഞുമ്മൽ ബോയ്‌സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. ക്രൈംബ്രാഞ്ച് തയ്യാറാക്കിയ1000 പേജുള്ള വിശദമായ കുറ്റപത്രമാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ചത്. നടൻ സൗബിൻ ഷാഹിർ, അദ്ദേഹത്തിന്റെ പിതാവ് ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് കേസ് അന്വേഷണത്തിൽ പ്രതിപ്പട്ടികയിലുള്ളത്. സിനിമയുടെ നിർമ്മാണത്തിനായി പ്രതികൾ സ്വന്തം പണം മുടക്കിയിട്ടില്ലെന്നും, പരാതിക്കാരനായ അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ ഹമീദിൽ നിന്ന് വാങ്ങിയ 7 കോടി രൂപ ഉപയോഗിച്ചാണ് സിനിമ പൂർത്തിയാക്കിയതെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. വാഗ്ദാന ലംഘനം: സിനിമയുടെ ലാഭത്തിന്റെ 40% വിഹിതം നൽകാമെന്ന് ഉറപ്പുനൽകിയാണ് പ്രതികൾ പണം കൈപ്പറ്റിയത്. എന്നാൽ സിനിമ 2024-ൽ പുറത്തിറങ്ങി ചരിത്രവിജയവും വൻ സാമ്പത്തിക ലാഭവും നേടിയിട്ടും മുടക്കുമുതലോ ലാഭവിഹിതമോ നൽകാൻ ഇവർ തയ്യാറായില്ല. പണം തിരികെ ചോദിച്ചപ്പോൾ “പോയി കേസ് കൊട്” എന്ന് പറഞ്ഞ് പ്രതികൾ തന്നെ അപമാനിച്ചതായും സിറാജിന്റെ പരാതിയിൽ പറയുന്നു. വിശ്വാസവഞ്ചന, ചതി, ഗൂഢാലോചന തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. തുടക്കം മുതലേ വഞ്ചിക്കണമെന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ സാമ്പത്തിക ഇടപാടുകൾ നടത്തിയതെന്ന് കുറ്റപത്രം അടിവരയിടുന്നു.


കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിർമാതാക്കളിൽ ഒരാളായ ബാബു ഷാഹിർ സുപ്രീം കോടതിയെ വരെ സമീപിച്ചിരുന്നെങ്കിലും കോടതി ഈ ഹർജി തള്ളിക്കളയുകയായിരുന്നു. ആദ്യഘട്ടത്തിൽ തങ്ങൾ വിശ്വാസവഞ്ചന കാണിച്ചിട്ടില്ലെന്നും വാങ്ങിയ പണം തിരികെ നൽകിയിട്ടുണ്ടെന്നുമായിരുന്നു പ്രതികളുടെ വാദം. എന്നാൽ പിന്നീട് ഇത്തരമൊരു പണമിടപാടേ നടന്നിട്ടില്ലെന്ന തികച്ചും വിരുദ്ധമായ നിലപാടാണ് ഇവർ സ്വീകരിച്ചത്.
മഞ്ഞുമ്മൽ ബോയ്‌സിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു. എന്നാൽ ഇതിന്റെ അന്തിമ റിപ്പോർട്ട് ഇതുവരെ സമർപ്പിച്ചിട്ടില്ല.

Leave A Comment