തിരുവനന്തപുരം: കേരളത്തിൽ പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിച്ച് സർക്കാർ. ജനസംഖ്യാ ആധിക്യമുള്ള വലിയ ജില്ലകൾ വിഭജിച്ച് ഭരണസൗകര്യം വർദ്ധിപ്പിക്കാനാണ് നീക്കം. പുതിയ ജില്ലകളുടെയും താലൂക്കുകളുടെയും രൂപീകരണം പഠിക്കാൻ ഒരു പ്രത്യേക കമ്മിഷനെ നിയമിക്കുമെന്ന് കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപി ച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ നീക്കങ്ങൾ. ദേശീയ ശരാശരിയേക്കാൾ ഉയർന്ന ജനസംഖ്യയുള്ള ജില്ലകളാണ് നിലവിൽ കേരളത്തിലുള്ളത്. പുതിയ സെൻസസ് വിവരങ്ങൾ പുറത്തുവരുന്നതോടെ, ജനസംഖ്യാ പ്രാതിനിധ്യം കൂടി കൃത്യമായി വിലയിരു ത്തിയാകും സർക്കാർ അന്തിമ തീരുമാനമെടുക്കുക. 1984-ൽ കാസർകോട് ജില്ല രൂപീകരിച്ച ശേഷം കേരളത്തിൽ പുതിയ ജില്ലകളൊന്നും വന്നിട്ടില്ല. താലൂക്കുകൾ അവസാനമായി പുനഃസംഘടിപ്പിച്ചത് 12 വർഷം മുൻപാണ്. പല കാലങ്ങളിലായി സർക്കാരിന് മുന്നിലെത്തിയ ചില പ്രധാന ജില്ലാ വാദങ്ങൾ ഇവയാണ്. 40 വർഷം മുൻപ് കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ പ്രഖ്യാപിച്ച പദ്ധതിയായിരുന്നു മൂവാറ്റുപ്പുഴ ജില്ല എന്നത്.
ഇടുക്കിയിലെ ദേവികുളം, തൊടുപുഴ മണ്ഡലങ്ങളും എറണാകുളത്തെ മൂവാറ്റുപുഴ, കോതമംഗലം, പിറവം മണ്ഡലങ്ങളും പെരുമ്പാവൂരിന്റെ ചില ഭാഗങ്ങളും ഉൾപ്പെടുന്നതാണ് ഈ നിർദ്ദേശം. മലപ്പുറം ജില്ല വിഭജിച്ച് തിരൂർ, തിരൂരങ്ങാടി, പൊന്നാനി താലൂക്കുകൾ ചേർത്ത് തിരൂർ ജില്ലയും, ബാക്കി ഭാഗങ്ങൾ ഉൾപ്പെടുത്തി മഞ്ചേരി ആസ്ഥാനമായി മറ്റൊരു ജില്ലയും വേണമെന്ന ആവശ്യമുണ്ട്. പാലക്കാട് ജില്ല വിഭജിച്ച് പുതിയ ജില്ലയായി ഷൊർണൂർ ജില്ല രൂപീകരിക്കുക, കോഴിക്കോട് ജില്ലയിലെ വടകര, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര ഭാഗങ്ങൾ ഉൾപ്പെടുത്തി പുതിയ ജില്ല, തെക്കൻ മേഖല: തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട, നെയ്യാറ്റിൻകര താലൂക്കുകൾ കേന്ദ്രീകരിച്ച് പുതിയ ജില്ല എന്നിവയാണിത്. പുതിയ ജില്ലകൾക്ക് പുറമേ താലൂക്കുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന ആവശ്യവും വിവിധ കോണുകളിൽ നിന്ന് ശക്തമായി ഉയരുന്നുണ്ട്. കമ്മിഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സർക്കാർ ഇക്കാര്യത്തിൽ തുടർനടപടികൾ സ്വീകരിക്കുക.
