കോനെയുടെ എല്ലൊടിയുന്ന ശബ്ദം കേൾക്കാമായിരുന്നുവെന്ന് കോച്ച് ജെസ്സെ മാർഷ്

  • Home-FINAL
  • Business & Strategy
  • കോനെയുടെ എല്ലൊടിയുന്ന ശബ്ദം കേൾക്കാമായിരുന്നുവെന്ന് കോച്ച് ജെസ്സെ മാർഷ്

കോനെയുടെ എല്ലൊടിയുന്ന ശബ്ദം കേൾക്കാമായിരുന്നുവെന്ന് കോച്ച് ജെസ്സെ മാർഷ്


വാൻകൂവർ: ഖത്തറിനെതിരായ മത്സരത്തിനിടെ കനേഡിയൻ താരം ഇസ്‍മായിൽ കോനെയ്ക്കേറ്റ ഗുരുതര പരിക്ക് ടീമിനെയാകെ ഉലച്ചുകളഞ്ഞതായി പരിശീലകൻ ജെസ്സെ മാർഷ്. കളിക്കളത്തിൽ അപ്രതീക്ഷിതമായി സംഭവിച്ച ദുരന്തത്തെക്കുറിച്ച് മത്സരശേഷം വൈകാരികമായാണ് മാർഷ് പ്രതികരിച്ചത്. “ആ പരിക്ക് ഞങ്ങളുടെ തൊട്ടു മുൻപിലായിരുന്നു സംഭവിച്ചത്. കോനെയുടെ എല്ലൊടിയുന്ന ശബ്ദം അവിടെയുണ്ടായിരുന്ന എല്ലാവർക്കും കേൾക്കാമായിരുന്നു. കാനഡ ടീം ഒന്നാകെ അതോടെ തകർന്നുപോയി. ഇസ്മായിൽ ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരിൽ ഒരാളാണ്. അവൻ ഇല്ലാതെ കളിക്കുക എന്നത് വലിയ നഷ്ടമാണ്,” ജെസ്സെ മാർഷ് പറഞ്ഞു. പരിക്കിന്റെ ആഘാതത്തിൽ കളിക്കാർ മാനസികമായി തളർന്നെങ്കിലും മത്സരം കൈവിടാതിരിക്കാൻ ശ്രദ്ധിച്ചിരുന്നുവെന്നും കോച്ച് കൂട്ടിച്ചേർത്തു. ഹൈ‍‍ഡ്രേഷൻ ബ്രേക്കിന്റെ സമയത്ത് താൻ കളിക്കാരെ വിളിച്ച് മത്സരം നന്നായി ഫിനിഷ് ചെയ്യണമെന്ന് ആവശ്യപ്പെട്ടി രുന്നതായും, താരങ്ങൾ അത് കൃത്യമായി നടപ്പാക്കിയതായും അദ്ദേഹം വ്യക്തമാക്കി.ഇത്രയും വലിയൊരു പരിക്കിലേക്ക് കാര്യങ്ങൾ ചെന്നെത്തുമെന്ന് ഫൗൾ ചെയ്ത ഖത്തർ താരം അസിം മാഡിബോ ഒരിക്കലും കരുതിയിട്ടുണ്ടാകില്ലെന്ന് ജെസ്സെ മാർഷ് പറഞ്ഞു. മത്സരത്തിന് ശേഷം മാഡിബോ കാനഡയുടെ ഡ്രസിങ് റൂമിലെത്തി മാപ്പ് പറഞ്ഞതായും, അതിന്റെ പേരിൽ അദ്ദേഹത്തെ കുറ്റപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്നും മാർഷ് വ്യക്തമാക്കി.

മത്സരത്തിന്റെ രണ്ടാം പകുതിയിൽ അസിം മാഡിബോയുടെ ഫൗളിലാണ് ഇസ്മായിൽ കോനെയുടെ കാൽമുട്ടിന് താഴെയുള്ള എല്ല് ഒടിഞ്ഞത്. വേദനകൊണ്ട് പുളയുന്ന താരത്തിന്റെ ദൃശ്യങ്ങൾ കണ്ട് കായികലോകം ഒന്നടങ്കം നടുങ്ങി.മെഡിക്കൽ സംഘം കോനെയെ പരിശോധി ക്കുമ്പോൾ ദൃശ്യങ്ങൾ ക്യാമറകളിൽ പെടാതിരിക്കാൻ കാനഡ താരങ്ങൾ ചുറ്റും കൂടിനിന്ന് വലയമൊരുക്കിയിരുന്നു. ഫൗൾ ചെയ്ത മാഡിബോയ്ക്ക് റഫറി ആദ്യം മഞ്ഞക്കാർഡാണ് നൽകിയത്. എന്നാൽ പിന്നീട് ‘വാർ’ (VAR) പരിശോധനയ്ക്ക് ശേഷം അത് ചുവപ്പ് കാർഡായി മാറ്റി.സ്ട്രെച്ചറിലാണ് കോനെയെ മൈതാനത്ത് നിന്നും മാറ്റിയത്. പ്രിയ താരത്തിന്റെ പരിക്ക് കണ്ട് കോച്ച് ജെസ്സെ മാർഷ് പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വാൻകൂവറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കോനെയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. അഞ്ച് മാസത്തോളം താരത്തിന് പൂർണ്ണ വിശ്രമം വേണ്ടിവരുമെന്നാണ് മെഡിക്കൽ സംഘം നൽകുന്ന വിവരം. ഇതോടെ ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങൾ ഇസ്മായിൽ കോനെയ്ക്ക് നഷ്ടമാകും.

Leave A Comment