ന്യൂഡൽഹി: ചൊവ്വാഴ്ച പറക്കലിനിടയിൽ 300 അടി താഴേക്കു പതിച്ച്് 13 യാത്രക്കാർക്കും നാല് കാബിൻ ക്രൂവിനും പരുക്കേൽക്കാനിടയായ എയർ ഇന്ത്യ വിമാന സംഭവത്തെപ്പറ്റിയുള്ള വിശദീകരണങ്ങളിൽ ആകെ ആശയക്കുഴപ്പം.
അന്തരീക്ഷത്തിലെ മർദ്ദ വ്യതിയാനങ്ങൾ മൂലമുണ്ടായ ടർബുലൻസാണ്, വിമാനം പെട്ടെന്ന് താഴേക്കു വീഴാനും ആൾക്കാർ തെറിച്ചു വീണ് പരുക്കേൽക്കാനും കാരണമായത് എന്ന് ആദ്യം പറഞ്ഞതിൽ ടർബുലൻസ് ഒഴിവാക്കി, പെട്ടെന്നുണ്ടായ ഉയരവ്യത്യാസം കുഴപ്പമുണ്ടാക്കി എന്ന പൊതുവായ വിശദീകരണമാണ് എയർ ഇന്ത്യയും വ്യോമയാന മന്ത്രാലയവും തിങ്കളാഴ്ച നൽകിയത്.
അതോടൊപ്പം തന്നെ, പൈലറ്റുമാർക്കായി നടത്തിയ ലഹരി പരിശോധനയിൽ ക്യാപ്റ്റന്റെ മൂത്ര സാമ്പിൾ പോസിറ്റീവായതിനെ തുടർന്ന് രണ്ടാമത് വീണ്ടും പരിശോധനയ്ക്ക് അയച്ചു എന്ന വാർത്തയും വന്നു.
അതേത്തുടർന്നായിരുന്നു, എയർലൈൻ പൈലറ്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (അൽപ ഇന്ത്യ) പ്രസിഡന്റ് മാധ്യമങ്ങളോട് നടത്തിയ സംഭ്രമജനകമായ വെളിപ്പെടുത്തലുകൾ.
അൽപ പ്രസിഡന്റ് പറഞ്ഞതിന്റെ ചുരുക്കം ഇതാണ്-
– വിമാനം ടർബുലൻസിൽ പെട്ടതല്ല.
– വിമാനം അന്നു രാത്രി പത്തരയോടെ ഒഡീഷയിലെ ജാർസുഗുദയ്ക്കു മീതേ എത്തിയപ്പോൾ വിമാനത്തിന്റെ മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളും തകരാറിലായി എ്ന്ന് ക്യാപ്റ്റന് മനസിലായി
-വിമാനത്തിന്റ എല്ലാ ചലനങ്ങളും നിയന്ത്രിക്കുന്ന ഹൈഡ്രോളിക് സംവിധാനങ്ങൾ മൂന്നും പ്രവർത്തിക്കുന്നില്ലെന്ന് കണ്ട ക്യാപ്റ്റൻ, കോ-പൈലറ്റിനോട് പെട്ടെന്ന് വിമാനത്തിന്റെ മൂക്ക് താഴ്ത്താൻ പറഞ്ഞു. അങ്ങിനെ വിമാനം 300 അടി താഴേക്കു പോയി. പെട്ടെന്നുള്ള താഴ്ചയിൽ വിമാനത്തിൽ നെഗറ്റീവ് ജി ഫോഴ്സ് അനുഭവപ്പെടുകയും സീറ്റ്ബേൽറ്റ് ഇടാതിരുന്നവർ സീറ്റിൽ നിന്ന് മുകളിലേക്കു തെറിച്ചുയരുകയും ചെയ്തു.
-(വിമാനത്തിന്റെ വയറ്റിനുള്ളിൽ താഴെയായിട്ടാണ് യെല്ലോ, ഗ്രീൻ, ബ്ലു എന്നീ പേരുകളുള്ള ഹൈഡ്രോളിക് ഓയിൽ റിസർവോയറുകൾ ഉള്ളത് എന്നും ഈ ടാങ്കുകളിൽ നിന്നുള്ള പൈപ്പുകളും സ്റ്റീൽ ട്യൂബുകളും അവയെ ഹൈഡ്രോളിക് സംവിധാനവുമായി ബന്ധിപ്പിക്കുന്നു എന്നും പ്രസിഡന്റ് വിശദീകരിക്കുന്നുണ്ട്).
-ഇങ്ങിനെ പെട്ടെന്ന് വിമാനം താഴ്ത്തിയതു കൊണ്ട്, വിമാനവും അതിലുണ്ടായിരുന്ന 145 പേരും വൻ ആപത്തിൽ നിന്ന് രക്ഷപ്പെട്ടു. ഇവിടെ മുന്നൂറടി താഴ്ത്തിയെന്നേയുള്ളു- സമാന സാഹചര്യത്തിൽ എണ്ണൂറടിയൊക്കെ താഴ്ത്താറുണ്ട്, പൈലറ്റുമാർ. മുന്നറടി ആയപ്പോഴേക്കും ചൊവ്വാഴ്ച എല്ലാം ശരിയായത് ഭാഗ്യം.
-വിമാനം താഴ്ത്താൻ പോവുകാണ്, എല്ലാവരും സീറ്റ്ബെൽറ്റ് ഇടണം എന്നു പറയാനുള്ള നേരമൊന്നും കിട്ടിയില്ല. നൊടിയിട എടുക്കുന്ന തീരുമാനമല്ലേ. അത്തരം അനൗൺസ്മെന്റൊന്നും നടക്കില്ല. യാത്രക്കാർ മാത്രമല്ല, ഒരു പൈലറ്റും ആ നേരത്ത് സീറ്റിൽ നിന്ന് പൊങ്ങിപ്പോയിരുന്നു.
അൽപ ഇന്ത്യയുടെ പ്രസിഡന്റിന്റെ ഈ വിശദീകരണം, അമ്പരപ്പിക്കുന്നതാണ് എന്നാണ് ഏറ്റവും മിതമായി പറയാവുന്നത്.
ഒന്നു കേടായാൽ മറ്റൊന്ന് പ്രവർത്തിക്കണം എന്ന നിലയിൽ സ്ഥാപിച്ചിരിക്കുന്ന യെല്ലോ, ഗ്രീൻ, ബ്ലു ഹൈഡ്രോളിക് സംവിധാനങ്ങൾ ഒന്നിച്ചു കേടാകുന്നത് മിക്കവാറും അസംഭവ്യം തന്നെയാണ് എന്നതാണ് ആദ്യത്തെ കാര്യം.
രണ്ടാമത്തേതും ഏറ്റവു പ്രധാനപ്പെട്ടതുമായ കാര്യം, വിമാനം 300-800 അടിയൊക്കെ താഴ്ത്തി ഈ പ്രശ്നം പരിഹരിക്കാമെന്നു പറയുന്നത് പൂർണ്ണമായും തെറ്റാണ് എന്നതാണ്.
അങ്ങിനെ ഒരു ഒറ്റമൂലി എയർബസ് അവരുടെ സുരക്ഷാ മാനുവലുകളിൽ ഒരിടത്തും പഠിപ്പിക്കുന്നില്ല.
ആപ്തഘട്ടങ്ങളിൽ പ്രശ്ന പരിഹാരത്തിനായി പൈലറ്റുമാർ മനപ്പാഠമാക്കി വയ്ക്കുന് ക്വിക്ക് റഫറൻസ് ഹാൻഡ് ബുക്കിലും ഈയൊരു പ്രതിവിധി ഇല്ല. (മൂന്നു സംവിധാനങ്ങളും കൂടി ഒന്നിച്ചു കേടാകുന്ന ഒരു സന്ദർഭവും ക്യൂആർഎച്ച് പറയുന്നില്ല. ഗ്രീൻ+യെല്ലോ, ബ്ലു+യെല്ലോ, ഗ്രീൻ+ബ്ലു ഇങ്ങിനെ മൂന്നു സാധ്യതകളേ അതിലുള്ളൂ).
പറക്കലിനിടെ പൈലറ്റ് ഇങ്ങിനെ മനപ്പൂർവം വിമാനം താഴ്ത്തി പ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെടുന്ന സന്ദർഭം, മൂക്ക് പരിധിവിട്ട് മുകളിലേക്കുയർന്ന്, ‘ലിഫ്റ്റ്’ കുറഞ്ഞ്, വിമാനം സ്റ്റാൾ ചെയ്തേക്കുമെന്ന നിലയെത്തുമ്പോഴാണ്. വിമാനം പെട്ടെന്ന് കുറച്ചു ദൂരം താഴേക്ക് പായിക്കുകയാണ്, ലിഫ്റ്റ് വീണ്ടെടുക്കാനും വിമാനം താഴെപ്പതിക്കുന്നതു തടയാനുമുള്ള മാർഗ്ഗം. ഹൈഡ്രോളിക് സംവിധാനങ്ങൾ കേടായാൽ അത്തരമൊരു സന്ദർഭം ഉണ്ടാകുന്നില്ല.
മൂന്നു ഹൈഡ്രോളിക് സംവിധാനങ്ങളും ഒന്നിച്ചു പ്രവർത്തിക്കാതാവുക എന്ന അതീവ ഗുരുതരമായ സംഭവം നടന്നിട്ടും എന്തുകൊണ്ട്, പൈലറ്റ് എടിസിയെ വിവരം അറിയിച്ചില്ല എന്നതാണ് പ്രധാനപ്പെട്ട മറ്റൊരു ചോദ്യം.
വിമാനത്തിന്റെ എല്ലാ ചലനങ്ങളും നിയന്ത്രിക്കുന്ന സംവിധാനങ്ങളൊന്നുമില്ലെങ്കിൽ ലാൻഡിങ് ഗുരുതരമായ അപകടത്തിൽ കലാശിക്കാമെന്നതിനാൽ വിമാനത്താവളത്തിൽ അതിനുള്ള എല്ലാ മുന്നൊരുക്കങ്ങളും നടത്തേണ്ടിയതാണ്. കുറേപ്പേർക്ക് പരുക്കുണ്ട്, ആംബുലൻസു വേണം എന്നു മാത്രമാണ് അന്ന് വിമാനം എടിസിയെ അറിയിച്ചിരുന്നത്. നേരത്തേ പറഞ്ഞ, മൂക്കു താഴ്ത്തുക എന്ന ഒറ്റമൂലി കൊണ്ട് എല്ലാ പ്രശ്നങ്ങളും കോമ്പ്ളിമെൻസായി എന്ന വാദം വിശ്വസിച്ചാൽ് പോലും, എടിസിയെ അറിയിക്കാതിരിക്കുന്നത് തീർത്തും അസംഭവ്യമാണ്.
അപകടം എപ്പോൾ എവിടെവച്ച് ഉണ്ടായി എ്ന്ന് അൽപ പ്രസിഡന്റ് പത്രക്കാരോടു പറഞ്ഞതിലും ഇതേ കുഴപ്പത്തിന്റെ തുടർച്ചയുണ്ട്.
രാത്രി പത്തരയോടെ, ഒഡീഷയിലെ ജാർസുഗുദയ്ക്ക് അടുത്തുവച്ചാണ് എല്ലാം സംഭവിച്ചതെന്നു പറയുന്നതിനോടൊപ്പം തന്നെ, വിമാനം പത്തു മിനിറ്റിനകം ഡൽഹിയിൽ ഇറങ്ങി എന്നും പറയുന്നുണ്ട്.
എന്നാൽ, ഫ്ളൈറ്റ്റഡാർ രേഖകൾ പ്രകാരം, വിമാനം ജാർസുഗുദയ്ക്ക് മീതേ എത്തുന്നത് രാത്രി 9.38-9.39 ആകുമ്പോഴാണ്. വിമാനം 36,000 അടി പൊക്കത്തിൽ പറക്കുയായിരുന്നു, അന്നേരം. ഡൽഹിയിൽ ഇറങ്ങുന്നത് രാത്രി പതിനൊന്നിന്- ഒരു മണിക്കൂർ, 21 മിനിറ്റിനു ശേഷമാണെന്ന് വിദഗ്ധർ പറയുന്നു.
