മനാമ :പുതിയ കാലത്ത് മക്കളോടൊപ്പം രക്ഷിതാക്കളും വളരേണ്ടതുണ്ടെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രെസിഡെന്റും കേരളത്തിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനുമായ ഡോ.നഹാസ് മാള അഭിപ്രായപ്പെട്ടു. ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച പൊതുയോഗത്തിൽ “വളരാം മക്കൾക്കൊപ്പം” എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മക്കൾക്കൊപ്പം സമയം ചെലവഴിക്കാനും അതിലൂടെ അവരുടെ ഉള്ളിലേക്കിറങ്ങി ചെല്ലാനും ഓരോ രക്ഷിതാക്കൾക്കും സാധിക്കണം. എല്ലാ കാര്യങ്ങളും പരസ്പരം തുറന്നു പറയുന്ന നല്ല സുഹൃത്തുക്കൾ കൂടിയാവാൻ ഓരോ മാതാവിനും പിതാവിനും കഴിയേണ്ടതുണ്ട്. സന്തോഷവും സമാധാനവും നിലനിൽക്കുന്ന കുടുംബാന്തരീക്ഷത്തിൽ നിന്ന് മാത്രമേ കുട്ടികൾ സാമൂഹിക പ്രതിബദ്ധതയുള്ള പൗരന്മാരായി വളർന്നു വരുകയുള്ളൂ. എപ്പോഴും മക്കളുടെ പിറകിലൂടെ സഞ്ചരിക്കുന്ന സി.ഐ.ഡി കളാവാൻ ഒരിക്കലും ശ്രമിക്കരുത്. അവർക്ക് ആത്മവിശ്വാസവും മാനസികമായ കരുത്തും നേടിയെടുക്കാനുള്ള അവസരങ്ങൾ നാം ബോധപൂർവം സൃഷ്ടിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതു സമ്മേളനത്തിൽ ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സഈദ് റമദാൻ നദ്വി അധ്യക്ഷത വഹിച്ചു. യൂത്ത് ഇന്ത്യ പ്രസിഡന്റ് വി.കെ. അനീസ്, ഫ്രന്റ്സ് വൈസ് പ്രെസിഡന്റുമാരായ ജമാൽ ഇരിങ്ങൽ, എം.എം. സുബൈർ എന്നിവർ സംബന്ധിച്ചു. നസീം സബാഹ് വേദപാരായണം നടത്തി. ജനറൽ സെക്രട്ടറി എം. അബ്ബാസ് സ്വാഗതവും പരിപാടിയുടെ ജനറൽ കൺവീനർ സി.കെ.നൗഫൽ നന്ദിയും പറഞ്ഞു. എ.എം.ഷാനവാസ്, സക്കീർ, അബ്ദുൽ ജലീൽ, ബാസിം, ഇജാസ്, സലാഹുദ്ധീൻ തുടങ്ങിയവർ നേതൃത്വം നൽകി.
- BMC News Portal
- BMC News Live- Facebook and YouTube