കൊച്ചി: പ്രവാസി നിക്ഷേപ ഫണ്ടിനു രൂപം കൊടുക്കുമെന്ന കേരള ബജറ്റിലെ പ്രഖ്യാപനത്തിൽ ഏറെ പ്രതീക്ഷകളോടെ പ്രവാസികൾ. ഗൾഫിലെ പ്രതികൂല സാഹചര്യങ്ങളിൽ പ്രതിസന്ധിയിലായ പ്രവാസി വ്യവസായികൾ നാട്ടിൽ അവസരം നോക്കുമ്പോഴാണ് പുതിയ പ്രഖ്യാപനം. ഗൾഫ് നാടുകളിലെ ഒട്ടേറെ പ്രവാസികൾ നിലവിൽ ബിസിനസ് കേരളത്തിലേക്ക് മാറ്റി സ്ഥാപിക്കുകയാണിപ്പോൾ. അവിടെ ബാങ്കുകളിൽ നിക്ഷേപിച്ചിരുന്ന പണം നാട്ടിലേക്ക് മുഴുവനായി അയയ്ക്കുകയാണ് സമീപകാല രീതി. കുറയേറെപ്പേർ ബിസിനസ് ബാക്ക് സ്ഥാപനങ്ങൾ കേരളത്തിലാക്കുന്നു. അവിടത്തെ മലയാളി ജീവനക്കാരെ നാട്ടിലേക്ക് അയയ്ക്കുകയും ചെയ്യുന്നുണ്ട്. നിലവിൽ കേരളത്തിലെ എല്ലാ നഗരങ്ങളിലും ഇതിനായി ഓഫിസ് സ്ഥലത്തിനു ഡിമാൻഡ് കൂടിയിട്ടുണ്ട്. സൗദിയിലെ ബിസിനസുകളിൽ 70% തൊഴിലവസരങ്ങളും തദ്ദേശ പൗരൻമാർക്കു നൽകണമെന്നുള്ള നിബന്ധനയും ഇതിനു പ്രേരണയായി.
സംസ്ഥാന ബാങ്കുകളിലെ പ്രവാസി നിക്ഷേപം 10.6 ലക്ഷം കോടി കവിഞ്ഞു. വിദേശപണം വരവ് വർഷം 2 ലക്ഷം കോടിയിലേറെ വർധിച്ചിട്ടുമുണ്ട്. ബജറ്റിൽ വിഭാവനം ചെയ്യുന്നത് ഈ പണം പ്രവാസികൾ സ്റ്റാർട്ടപ്പുകൾക്കും മൂല്യവർധിത കാർഷിക ഉൽപന്നങ്ങൾക്കും ടൂറിസത്തിനും വിദ്യാഭ്യാസ–ആരോഗ്യ രംഗങ്ങളിലുമായി നിക്ഷേപിക്കണമെന്നാണ്. കേരളത്തെ വിദേശപണ (റെമിറ്റൻസ്) സമ്പദ്വ്യവസ്ഥയിൽ നിന്ന് നിക്ഷേപ സമ്പദ്വ്യവസ്ഥയിലേക്കു മാറ്റുന്നതിന്റെ ഭാഗമായിട്ടാണ് നിക്ഷേപ ഫണ്ട് രൂപീകരിക്കുന്നത്. നാട്ടിൽ എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരാണു 99% പ്രവാസികളും. റെമിറ്റൻസ് ഇക്കോണമിയിൽനിന്ന് നിക്ഷേപ സാമ്പത്തിക വ്യവസ്ഥയിലേക്കുള്ള കേരളത്തിന്റെ ചുവടുമാറ്റം ഏറെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. പ്രവാസികളുടെ കഴിവും അനുഭവവും രാജ്യാന്തര പ്രവൃത്തിപരിചയവും കേരളത്തിന്റെ ഏറ്റവും വലിയ നിക്ഷേപമാണ്. ശരിയായ രീതിയിൽ ഉപയോഗിച്ചാൽ കേരളം ഉയർച്ചയിലേക്കു കുതിക്കുമെന്നാണ് വിലയിരുത്തൽ. വിദേശത്തുള്ളവർ നാട്ടിലേക്ക് അയയ്ക്കുന്ന പണമായിരുന്നു കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ പ്രധാന ചാലകശക്തി. എന്നാൽ, അതിലെ ഒരു ഭാഗം കേരളത്തിലെ നിക്ഷേപമായി മാറാൻപോകുകയാണ്. ഒപ്പം, വിദേശ പ്രായോഗിക പരിചയവും രാജ്യാന്തര നിലവാരവും അടിസ്ഥാന വികസനത്തിനു മുതൽക്കൂട്ടാകും.
