ഏഥൻസ്: ആകാശച്ചുഴിയിലോ സാങ്കേതിക തകരാറിലോ പെട്ട് വിമാനങ്ങൾ അപകടത്തിൽപ്പെടുന്നത് നാം കേട്ടിട്ടുണ്ട്. എന്നാൽ, 20,000 അടി ഉയരത്തിൽ പറക്കുന്നതിനിടെ വിമാനത്തിന്റെ ജനൽ തകരുകയും, അതിലൂടെ പുറത്തേക്ക് തെറിച്ചുപോയ ഭർത്താവിനെ അസാധാരണമായ മനസാന്നിധ്യം കൊണ്ട് ഭാര്യ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്ത അവിശ്വസനീയമായ രക്ഷപ്പെടലിന്റെ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. സെർബിയൻ ദമ്പതികളായ ല്യൂബിഷ കരോവിച്ചും ഭാര്യ സ്വെത്ലാന ഗ്ര്കോവിച്ചുമാണ് ഈ ഭീതിദമായ അവസ്ഥയിലൂടെ കടന്നുപോയത്. ഗ്രീസിലെ തെസലോനിക്കിയിൽനിന്ന് ജർമനിയിലെ മെമ്മിങനിലേക്ക് പുറപ്പെട്ട റയാൻഎയറിന്റെ (Ryanair) ബോയിങ് 737-800 വിമാനത്തിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. പറന്നുയർന്ന് അൽപസമയത്തിനകം വിമാനത്തിന്റെ എൻജിൻ ഭാഗത്തിന് തകരാർ സംഭവിക്കുകയും, ഇതിന്റെ അവശിഷ്ടങ്ങൾ ജനലിൽ വന്നിടിച്ചതിനെ തുടർന്ന് ചില്ല് തകരുകയുമായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഇതോടെ ജനലിനരികിൽ ഇരിക്കുകയായിരുന്ന ല്യൂബിഷ കരോവിച്ച് ശക്തമായ വായുമർദ്ദത്തെ തുടർന്ന് വിമാനത്തിന് പുറത്തേക്ക് തെറിക്കാൻ തുടങ്ങി.
ല്യൂബിഷയുടെ തല വിമാനത്തിന്റെ ജനലിലൂടെ പുറത്തേക്ക് പോകുന്നത് കണ്ടയുടൻ ഭാര്യ സ്വെത്ലാന ഒട്ടും സമയം കളയാതെ അദ്ദേഹത്തിന്റെ കാലുകളിൽ മുറുകെപ്പിടിച്ചു. മരണവെപ്രാളത്തിന്റെ ആ അഞ്ച് മിനിറ്റോളം സമയം ഭർത്താവിനെ അവർ വിമാനത്തിനുള്ളിലേക്ക് തന്നെ ചേർത്തുപിടിച്ചു നിർത്തി. പിന്നാലെ മറ്റ് യാത്രക്കാരും ഓടിയെത്തി സഹായിച്ചതോടെ ല്യൂബിഷയെ പൂർണ്ണമായും ഉള്ളിലേക്ക് വലിച്ചുകയറ്റാൻ സാധിക്കുകയായിരുന്നു. ഇതിനിടെ വിമാനത്തിനുള്ളിൽ അടിയന്തര ഓക്സിജൻ മാസ്കുകളും തനിയെ പുറത്തുവന്നു. “ഞാൻ ഉടൻ തന്നെ അദ്ദേഹത്തിന്റെ കാലുകളിൽ മുറുകെ പിടിച്ചു. മരിക്കേണ്ടി വന്നാലും ഞങ്ങൾ ഒരുമിച്ചായിരിക്കുമെന്ന് മാത്രമാണ് ആ നിമിഷത്തിൽ ഞാൻ ചിന്തിച്ചത്. അത്യന്തം ഭയാനകമായ അനുഭവമായിരുന്നു അത്,” രക്ഷാപ്രവർത്തനത്തിന് സഹായിച്ച സഹയാത്രികർക്ക് നന്ദി പറഞ്ഞുകൊണ്ട് സ്വെത്ലാന പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു.
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ല്യൂബിഷ നിലവിൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ കൈയ്ക്ക് ഗുരുതരമായ പരുക്കേറ്റിട്ടുണ്ടെന്നും ശരീരത്തിൽ ഉരസലേറ്റുള്ള പൊള്ളലുകളുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. സംഭവത്തിന്റെ വലിയ ആഘാതത്തിൽ ല്യൂബിഷ പലതവണ ബോധരഹിതനായെന്നും, നടന്ന കാര്യങ്ങൾ അദ്ദേഹത്തിന് പൂർണ്ണമായി ഓർത്തെടുക്കാൻ സാധിക്കുന്നില്ലെന്നും സ്വെത്ലാന കൂട്ടിച്ചേർത്തു.അപകടത്തെ തുടർന്ന് വിമാനം അടിയന്തരമായി തെസലോനിക്കി വിമാനത്താവളത്തിലേക്ക് തന്നെ തിരിച്ചിറക്കുകയായിരുന്നു. പരുക്കേറ്റ യാത്രക്കാരന് റൺവേയിൽ വെച്ച് തന്നെ അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയതായി റയാൻഎയർ അധികൃതർ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാരെ പിന്നീട് മറ്റൊരു വിമാനത്തിലാണ് ജർമ്മനിയിൽ എത്തിച്ചത്. വിമാനത്തിന്റെ എൻജിൻ കവറിനും ജനൽ ഭാഗത്തിനും വലിയ രീതിയിൽ കേടുപാടുകൾ സംഭവിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് വ്യോമയാന അധികൃതർ വ്യക്തമാക്കി.
