കൊച്ചി: താരസംഘടനയായ ‘അമ്മ’ തനിക്ക് അയച്ച കാരണം കാണിക്കൽ നോട്ടീസിന് ശക്തമായ ഭാഷയിൽ മറുപടി നൽകി നടി അൻസിബ ഹസ്സൻ. നോട്ടീസിന് മറുപടി നൽകാൻ ഒരാഴ്ചത്തെ സമയമുണ്ടായിരുന്നിട്ടും, നോട്ടീസ് ലഭിച്ച രാത്രിയിൽ തന്നെ താരം തന്റെ വിശദീകരണം സംഘടനയ്ക്ക് കൈമാറി. ‘അമ്മ’യുടെ ബൈലോയിലെ ഏതെല്ലാം വ്യവസ്ഥകളാണ് താൻ ലംഘിച്ചതെന്ന് ഭാരവാഹികൾ വ്യക്തമാക്കണമെന്ന് അൻസിബ മറുപടിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
സഹപ്രവർത്തകരായ ലക്ഷ്മിപ്രിയ, ടിനി ടോം എന്നിവരുമായുള്ള തന്റെ പ്രശ്നങ്ങൾ വ്യക്തിപരമാണെന്ന് അൻസിബ വ്യക്തമാക്കുന്നു. ‘അമ്മ’യുടെ പ്രസിഡന്റ് ശ്വേത മേനോൻ തന്നെ ഇക്കാര്യം നേരത്തെ പറഞ്ഞിട്ടുള്ളതാണെന്നും നടി ചൂണ്ടിക്കാണിച്ചു. ടിനി ടോമിന്റെ ഭാഗത്തുനിന്നുണ്ടായ നടപടികളിൽ സംഘടന യാതൊരു നിലപാടും സ്വീകരിക്കാത്തതിനാലാണ് നേരിട്ട് നിയമനടപടികളുമായി മുന്നോട്ട് പോകാൻ താൻ നിർബന്ധിതയായതെന്ന് അൻസിബ വ്യക്തമാക്കി. മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും സംഘടനയ്ക്കെതിരെ നിരന്തരം പരസ്യ പ്രസ്താവനകൾ നടത്തി ‘അമ്മ’യെ തകർക്കാൻ ശ്രമിച്ചു എന്നാണ് അൻസിബയ്ക്കെതിരെയുള്ള പ്രധാന ആരോപണം. ബൈലോയ്ക്ക് വിരുദ്ധമായി അച്ചടക്കലംഘനം നടത്തിയ നടിക്ക് എതിരെ എന്തുകൊണ്ട് നടപടി സ്വീകരിക്കരുത് എന്ന് വ്യക്തമാക്കിക്കൊണ്ട് വരുന്ന 17-ാം തീയതിക്ക് മുൻപ് മറുപടി നൽകാനായിരുന്നു നിർദ്ദേശം. മറുപടി തൃപ്തികരമല്ലെങ്കിൽ സസ്പെൻഷൻ ഉൾപ്പെടെയുള്ള ശക്തമായ നടപടികളിലേക്ക് സംഘടന കടക്കുമെന്നാണ് സൂചന.
നടി ലക്ഷ്മിപ്രിയ, നടൻ ടിനി ടോം എന്നിവരുമായി ബന്ധപ്പെട്ട കടുത്ത നിയമപോരാട്ടങ്ങൾക്കിട യിലാണ് അൻസിബയ്ക്ക് താരസംഘടനയിൽ നിന്നും ഇപ്പോൾ പുതിയ തിരിച്ചടി നേരിട്ടിരിക്കു ന്നത്. ലക്ഷ്മിപ്രിയയ്ക്കും തൃപ്പൂണിത്തുറ വനിതാ സ്റ്റേഷനിലെ എസ്ഐക്കുമെതിരെ താൻ നൽകിയ പരാതിയിൽ കഴമ്പില്ലെന്ന പോലീസിന്റെ അന്തിമ റിപ്പോർട്ടിനെതിരെ അൻസിബ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വരുന്ന 17-ാം തീയതിക്ക് മുൻപ് മറുപടി നൽകാനായിരുന്നു സംഘടനയുടെ നിർദ്ദേശം. അൻസിബയുടെ മറുപടി തൃപ്തികരമല്ലെങ്കിൽ സസ്പെൻഷൻ ഉൾപ്പെടെയുള്ള ശക്തമായ അച്ചടക്ക നടപടികളിലേക്ക് സംഘടന കടക്കുമെന്നാണ് സൂചന. തനിക്കെതിരെ വർഗീയ പരാമർശങ്ങളും അധിക്ഷേപങ്ങളും നടത്തിയെന്ന് കാട്ടി നടൻ ടിനി ടോമിനെതിരെ കടവന്ത്ര പോലീസിൽ നൽകിയ പരാതിയുമായി അൻസിബ മുന്നോട്ട് പോവുകയാണ്. ഇതിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
