ചരിത്രത്തിലാദ്യമായി ഒരു വിദേശ പരിശീലകന്റെ കീഴിലാണ് ബ്രസീൽ ലോകകപ്പ് പോരാട്ടത്തിനിറങ്ങിയത്. ലോക ഫുട്ബോളിലെ ഏറ്റവും മികച്ച തന്ത്രജ്ഞനായ കാർലോ ആൻസലോട്ടി തന്റെ ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും പുറത്തെടുത്താണ് ആദ്യ മത്സരത്തിന് ടീമിനെ സജ്ജമാക്കിയത്. എന്നാൽ, ലോക ഫുട്ബോളിൽ സമീപകാലത്ത് മാത്രം വൻശക്തികളായി മാറിയ മൊറോക്കോ, കാനറപ്പടയെ അക്ഷരാർത്ഥത്തിൽ വിറപ്പിക്കുന്ന കാഴ്ചയ്ക്കാണ് ഫുട്ബോൾ ലോകം സാക്ഷ്യം വഹിച്ചത്. കഷ്ടിച്ച് ഒരു സമനിലയുമായാണ് ബ്രസീൽ കളം വിട്ടത്. ബ്രസീലിന്റെ വമ്പൻ താരനിരയെ വെള്ളംകുടിപ്പിച്ച ആ മൊറോക്കൻ സംഘത്തിന്റെ നെടുംതൂണായതാകട്ടെ ‘അയ്യൂബ് ബുആദി’ എന്ന പതിനെട്ടുകാരനായിരുന്നു. തന്റെ കരിയറിലെ ആദ്യ ലോകകപ്പ് മത്സരത്തിൽ തന്നെ ബ്രസീലിന്റെ പേരുകേട്ട മധ്യനിരയെ നിഷ്പ്രഭമാക്കാൻ അയ്യൂബിന് കഴിഞ്ഞു. ഈ പതിനെട്ടുകാരൻ കളം നിറഞ്ഞു കളിച്ചതോടെ പന്തിനായി ബ്രസീൽ താരങ്ങൾക്ക് അലയേണ്ടി വന്നു. കാനറികളുടെ ആക്രമണ നീക്കങ്ങളെ കൃത്യമായ ഇന്റർസെപ്ഷനുകളിലൂടെ പ്രതിരോധിക്കാനും, പന്ത് തിരിച്ചുപിടിക്കാനും, കൃത്യതയാർന്ന പാസുകളിലൂടെ സ്വന്തം ടീമിന് മുൻതൂക്കം നൽകാനും അയ്യൂബിന് സാധിച്ചു.
മൊറോക്കൻ കോച്ച് മുഹമ്മദ് വഹ്ബി ഈ കൗമാരക്കാരനെ ആദ്യ ഇലവനിൽ തന്നെ ഇറക്കിയ തീരുമാനം പാളിയില്ലെന്ന് മാത്രമല്ല, അത് ബ്രസീലിനെ കടുത്ത പ്രതിരോധത്തിലാക്കുകയും ചെയ്തു. കാസമിറോയും പിന്നാലെ വന്ന ഫാബിന്യോയും അടക്കമുള്ള ബ്രസീലിന്റെ അനുഭവസമ്പന്നരായ ഡിഫൻസീവ് മിഡ്ഫീൽഡർമാർ അയ്യൂബിന്റെ കരുത്തിന് മുന്നിൽ നിഴൽ മാത്രമായി ഒതുങ്ങി. ഫ്രാൻസിൽ ജനിച്ചുവളർന്ന അയ്യൂബ് നിലവിൽ ഫ്രഞ്ച് ലീഗ് വണ്ണിൽ ‘ലില്ലെ’ (Lille) ക്ലബ്ബിന്റെ താരമാണ്. 2023-24 സീസണിൽ ലില്ലെയ്ക്കായി അരങ്ങേറിയ താരം ലീഗ് വണ്ണിലും ചാമ്പ്യൻസ് ലീഗിലും ഇതിനകം തന്നെ ശ്രദ്ധേയമായ പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. കഴിഞ്ഞ മാസമാണ് ഫ്രാൻസിനു പകരം മൊറോക്കോയ്ക്ക് വേണ്ടി കളിക്കാൻ താരം തീരുമാനിക്കുന്നത്. മഡഗാസ്കറിനെതിരെയുള്ള സൗഹൃദ മത്സരത്തിലായിരുന്നു ദേശീയ കുപ്പായത്തിലെ അരങ്ങേറ്റം. ലോകകപ്പിലെ ഈ തകർപ്പൻ പ്രകടനത്തോടെ യൂറോപ്പിലെ വമ്പൻ ക്ലബ്ബുകളെല്ലാം ഈ കൗമാരതാരത്തിന് പിന്നാലെയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, പി.എസ്.ജി, ആഴ്സണൽ, ലിവർപൂൾ തുടങ്ങിയ വമ്പന്മാർ വൻ തുക മുടക്കി അയ്യൂബിനെ സ്വന്തമാക്കാൻ ഇതിനകം തന്നെ രംഗത്തുണ്ട്.
