ബഹ്റൈൻ്റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ, ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള താൽക്കാലിക സർവീസുകളിൽ ചെന്നൈ, കെയ്റോ, കാസബ്ലാങ്ക എന്നീ മൂന്ന് അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങൾ കൂടി ചേർത്തതായി പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ലണ്ടൻ ഹീത്രൂ, മുംബൈ, ബാങ്കോക്ക്, ഫ്രാങ്ക്ഫർട്ട്, നെയ്റോബി എന്നിവിടങ്ങളിലേക്കാണ് ഗൾഫ് എയറിൻ്റെ നിലവിലുള്ള സർവീസുകൾ . 2026 മാർച്ച് 28 വരെ സർവീസുകൾ ലഭ്യമാകുന്നതാണ് .ബഹ്റൈന്റെ വ്യോമാതിർത്തി താൽക്കാലികമായി അടച്ചിട്ട സാഹചര്യത്തിൽ, ബഹ്റൈനിലേക്കും തിരിച്ചുമുള്ള അന്താരാഷ്ട്ര ബന്ധം നിലനിർത്താനുള്ള എയർലൈനിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണിത്.യാത്ര സുഗമമാക്കുന്നതിനായി, ഈ വിമാനങ്ങളിൽ സ്ഥിരീകരിച്ച ബുക്കിങ്ങുകൾ ഉള്ള യാത്രക്കാർക്ക് ബഹ്റൈനും ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇടയിൽ റോഡ് മാർഗമുള്ള യാത്രയും,സൗദി ട്രാൻസിറ്റ് വിസക്കും ഗൾഫ് എയർ സഹായിക്കുന്നതാണ്. ഗൾഫ് എയറിന്റെ വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ യാത്രക്കാർക്ക് സീറ്റുകൾ ബുക്ക് ചെയ്യാം. ദമ്മാമിലേക്ക് പുറപ്പെടുന്നതിന് മുമ്പ് സ്ഥിരീകരിച്ച ബുക്കിംഗ് ഉണ്ടെന്ന് ഉറപ്പാക്കാൻ യാത്രക്കാർക്ക് നിർദ്ദേശമുണ്ട്. രാജ്യത്തിന്റെ വ്യോമാതിർത്തി സുരക്ഷിതമായി വീണ്ടും തുറന്നതായി ബഹ്റൈൻ സിവിൽ ഏവിയേഷൻ അഫയേഴ്സ് സ്ഥിരീകരിച്ചുകഴിഞ്ഞാൽ ഗൾഫ് എയർ പതിവ് ഷെഡ്യൂൾ ചെയ്ത സേവനങ്ങൾ പുനരാരംഭിക്കും എന്നും എയർലൈൻ അറിയിച്ചു.

