ബഹ്റൈനിൽ ഈദ് ദിനത്തിൽ പ്രധാന ജാമി പള്ളികളിലും താത്കാലികമായി ജാമി പള്ളികളാക്കി മാറ്റിയ പള്ളികളിലും രാവിലെ 6 മണിക്ക് ഈദ് ഉൽ ഫിത്തർ നമസ്‌കാരം നടക്കുമെന്ന് സുന്നി എൻഡോവ്മെന്റ് കൗൺസിൽ ചെയർമാൻ ഡോ.ഷെയ്ഖ് റാഷിദ് ബിൻ മുഹമ്മദ് ബിൻ ഫുട്ടൈസ് അൽ ഹജ്‌രി അറിയിച്ചു. രാജ്യത്തെ നിലവിലെ സാഹചര്യങ്ങൾ കാരണം പ്രധാന തുറന്ന പ്രാർത്ഥനാ മേഖലകളിൽ ഈദ് നമസ്‌കാരം നടത്താൻ കഴിയാത്തതിനെ തുടർന്നാണ് ഈ തീരുമാനം.സുന്നി എൻഡോവ്മെന്റ് കൗൺസിലിനെ പ്രതിനിധീകരിച്ച് ചെയർമാൻ, ഈദ് അൽ ഫിത്തർ ദിനത്തിൽ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയെയും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയെയും, ബഹ്റൈനിലെ ജനങ്ങൾക്കും ആശംസകൾ നേർന്നു. ബഹ്റൈനും മുസ്ലീം രാജ്യങ്ങൾക്കും സുരക്ഷയും സമാധാനവും തുടരട്ടെയെന്നും അദ്ദേഹം ആശംസിച്ചു.റമദാനിൽ ജാമി പള്ളികളായി ഉപയോഗിക്കുന്ന പള്ളികളിൽ ഈദ് ഉൽ ഫിത്തർ നമസ്‌കാരവും നടക്കുമെന്ന് ഷെയ്ഖ് ഡോ.അൽ ഹജ്രി കൂട്ടിച്ചേർത്തു. എൻഡോവ്മെന്റ്സ് നൽകുന്ന മതപരമായ മാർഗനിർദ്ദേശം സന്തുലിതാവസ്ഥയിലും ജ്ഞാനത്തിലും അധിഷ്ഠിതമാണെന്നും, ആളുകളെ ഒരുമിച്ച് കൊണ്ടുവരുന്നതിലും സ്ഥിരതയെ പിന്തുണയ്ക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വെല്ലുവിളികൾക്കെതിരായ പ്രാഥമിക പ്രതിരോധം ഐക്യസമൂഹമാണെന്നും, മതമൂല്യങ്ങൾ എല്ലായ്‌പ്പോഴും സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കിടയിലും സഹകരണവും സമാധാനവും ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

