ബഹ്റൈൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഭക്ഷ്യ മേഖലയിലെയും ലോജിസ്റ്റിക്സ് വ്യവസായത്തിലെയും പ്രതിനിധികളുമായി യോഗം ചേർന്നു. നിലവിലെ സാഹചര്യത്തിൽ രാജ്യത്തെ ഷിപ്പിങ് പ്രവർത്തനങ്ങളുടെയും വിതരണ ശൃംഖലകളുടെയും അവസ്ഥ അവലോകനം ചെയ്യുന്നതിനായാണ് ബഹ്റൈൻ ചേംബറിലെ ഭക്ഷ്യ മേഖല കമ്മിറ്റി ചെയർമാൻ ഖാലിദ് അലി അൽ-അമീന്റെ അധ്യക്ഷതയിൽ യോഗം ചേർന്നത്.ഭക്ഷ്യ വിതരണത്തിന്റെ തുടർച്ചയായ സ്ഥിരതയും രാജ്യത്തിന്റെ വിപണികളിലേക്കുള്ള സാധനങ്ങളുടെ തടസ്സമില്ലാത്ത ഒഴുക്കും ഉറപ്പാക്കുന്നതിലാണ് ചർച്ചകൾ കേന്ദ്രീകരിച്ചത്.ഇറക്കുമതി, കയറ്റുമതി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങൾ, തുറമുഖങ്ങളിലൂടെയും പ്രവേശന കവാടങ്ങളിലൂടെയുമുള്ള ചരക്കുകളുടെ ഒഴുക്ക്, നിലവിലെ പ്രാദേശിക പരിതസ്ഥിതിയിൽ ഭക്ഷ്യ, ലോജിസ്റ്റിക് മേഖലകൾ അഭിമുഖീകരിച്ചേക്കാവുന്ന സാധ്യതകൾ എന്നിവ പങ്കെടുത്തവർ അവലോകനം ചെയ്തു.ഷിപ്പിംഗ് പ്രവർത്തനങ്ങൾ തുടർച്ചയായി നിരീക്ഷിക്കുന്നതിനും പ്രാദേശിക വിപണിയിലേക്ക് അവശ്യവസ്തുക്കളുടെ തടസ്സമില്ലാത്ത ഒഴുക്ക് ഉറപ്പാക്കുന്നതിനും ബഹ്റൈൻ ചേംബർ ബന്ധപ്പെട്ട സർക്കാർ അധികാരികളുമായും ഷിപ്പിംഗ് കമ്പനികളുമായും ചേർന്ന് പ്രവർത്തിക്കുന്നു, എന്ന് അൽ-അമീൻ കൂട്ടിച്ചേർത്തു. വ്യാപാരികൾക്കും ഇറക്കുമതിക്കാർക്കും ബിസിനസ് തുടർച്ചയും വിപണി സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന് പ്രവർത്തിക്കുന്നതിനൊപ്പം സ്വകാര്യ മേഖലയുടെ നിരീക്ഷണങ്ങളും നിർദ്ദേശങ്ങളും ബന്ധപ്പെട്ട അധികാരികൾക്ക് ബഹ്റൈൻ ചേംബർ തുടർന്നും നൽകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

