ബഹ്‌റൈൻ പ്രതിരോധ സേന, നാഷണൽ ഗാർഡ്, ആഭ്യന്തര മന്ത്രാലയം എന്നിവ ഇറാൻ നടത്തുന്ന ആക്രമണത്തിൽ നിന്നും രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കുന്നതിനായി നടത്തുന്ന എല്ലാ സൈനിക, സുരക്ഷാ, സിവിലിയൻ ഏജൻസികളുടെയും കഴിവുകളെ മന്ത്രിസഭ യോഗം അഭിനന്ദിച്ചു.ഇറാൻ നടത്തിയ ആക്രമണത്തിൽ ബഹറിനിലെ പൗരന്മാർക്ക് പരിക്കേറ്റതിലും മന്ത്രിസഭായോഗം ദുഃഖം രേഖപ്പെടുത്തി.
അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമായുള്ള ഇത്തരം ആക്രമണങ്ങൾക്കെതിരെയുള്ള ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ പ്രമേയം 2817 പാലിക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രിസഭ ആവർത്തിച്ചു. ഇറാൻ്റെ ആക്രമണത്തിൽ രാജ്യത്തെ വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ച പൗരന്മാർക്ക് പൂർണ്ണ നഷ്ടപരിഹാരം നൽകാനുള്ള ഹമദ് രാജാവിൻ്റെ രാജകീയ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതും മന്ത്രിസഭ അവലോകനം ചെയ്തു.കൂടാതെ, പൗരന്മാർക്കും താമസക്കാർക്കും നൽകുന്ന സേവനങ്ങളുടെ കാര്യക്ഷമത മന്ത്രിസഭ അവലോകനം ചെയ്തു, എല്ലാ സാഹചര്യങ്ങളിലും സേവന വിതരണം നിലനിർത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തി.
രാജ്യത്ത് നിലനിൽക്കുന്ന വെല്ലുവിളികൾക്കിടയിലും തങ്ങളുടെ സേവനങ്ങൾ നൽകുന്നത് തുടരുന്ന രാജ്യത്തെ മെഡിക്കൽ രംഗത്തെ ജീവനക്കാരുടെ സന്നദ്ധതയെയും സമർപ്പണത്തെയും,ലോകരോഗ്യ ദിനാചരണത്തിൻ്റെ ഭാഗമായി , മന്ത്രിസഭ പ്രശംസിച്ചു.അതോടൊപ്പം ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ മുപ്പത്തിയൊന്നാം ടേമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെ ചെയർമാനും മെംബേഴ്‌സിനും മന്ത്രിസഭാ യോഗം അഭിനന്ദനങ്ങൾ അറിയിച്ചു.

