ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയോടുള്ള വിശ്വസ്തതയും രാജ്യത്തോടുള്ള പ്രതിബദ്ധതയും വീണ്ടും പ്രഖ്യാപിച്ച് ബഹ്റൈൻ പ്രതിഭയുടെ നേതൃത്വത്തിൽ വിശ്വസ്തതാ പ്രതിജ്ഞാ ഒപ്പിടൽ ചടങ്ങ് സംഘടിപ്പിച്ചു.പ്രതിഭ ഭാരവാഹികളുടെയും അംഗങ്ങളുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ രാജാവിനോടും രാജ്യത്തോടുമുള്ള അചഞ്ചലമായ കൂറും ഭരണനേതൃത്വത്തോടുള്ള പിന്തുണയും പ്രതിജ്ഞയിലൂടെ ആവർത്തിച്ചു.
ബഹ്റൈന്റെ സുരക്ഷയും സ്ഥിരതയും ദേശീയ ഐക്യവും കാത്തുസൂക്ഷിക്കുന്നതിനുള്ള കൂട്ടായ ഉത്തരവാദിത്തം എല്ലാവരും ഉയർത്തിപ്പിടിക്കണമെന്ന് ചടങ്ങിൽ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ വികസന-പുരോഗതി യാത്രയിൽ എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം അനിവാര്യമാണെന്നും പ്രതിഭ ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
രാജ്യത്തിന്റെ സമാധാനവും സാമൂഹിക സൗഹാർദ്ദവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ദേശീയ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും ഇത്തരത്തിലുള്ള സംരംഭങ്ങൾ പ്രചോദനമാകുമെന്ന് ചടങ്ങിൽ ചൂണ്ടിക്കാട്ടി. പങ്കെടുത്ത പ്രതിഭ അംഗങ്ങൾ പ്രതിജ്ഞാപത്രത്തിൽ ഒപ്പുവെച്ച് രാജ്യത്തിന്റെ പുരോഗതിക്കും ക്ഷേമത്തിനും വേണ്ടിയുള്ള പിന്തുണ ആവർത്തിച്ച് പ്രഖ്യാപിച്ചു.സൽമാനിയയിലെ പ്രതിഭാ സെന്ററിൽ നടന്ന ചടങ്ങിൽ പ്രതിഭ മുഖ്യരക്ഷാധികാരി ബിനു മണ്ണിൽ,ജനറൽ സെക്രട്ടറി സുലേഷ് വി കെ, പ്രസിഡൻ്റ് മഹേഷ് കെ വി, രക്ഷാധികാരി സമിതി അംഗം സുബൈർ കണ്ണൂർ എന്നിവർ നേതൃത്വം നൽകി.